ചെന്നൈ: ഐ.പി.എൽ സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് (CSK) മാറിയ തൻറെ തീരുമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രാജസ്ഥാൻ വിടുക എന്നത് കരിയറിലെ വലിയൊരു റിസ്കായിരുന്നുവെന്ന് തുറന്നുപറഞ്ഞ സഞ്ജു, ചെന്നൈയിലെത്തിയശേഷം തുടക്കത്തിലെ ഫോമില്ലായ്മയിൽ മുൻ നായകൻ എം.എസ്. ധോണി നൽകിയ ഉപദേശമാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്നും ജിയോ സ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കവെ വെളിപ്പെടുത്തി. ഐ.പി.എല്ലിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്നിലൂടെ 18 കോടി രൂപയ്ക്കാണ് സഞ്ജു ചെന്നൈയിലെത്തിയത്. പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈയിൽ നിന്ന് രാജസ്ഥാൻ ടീമിലെത്തിക്കുകയായിരുന്നു.
“രാജസ്ഥാൻ മാനേജ്മെന്റിനോട് ടീം വിടുകയാണെന്ന് പറഞ്ഞാൽ പിന്നെ തിരിച്ചുപോക്കില്ല. ചിലപ്പോൾ ലേലത്തിൽ ഏത് ടീമിൽ എത്തുമെന്നുപോലും ഉറപ്പില്ലാത്ത അവസ്ഥ വന്നേക്കാം. എങ്കിലും കഴിഞ്ഞ സീസൺ എന്റെ അവസാനത്തേതായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നു. കുടുംബവുമായി ആഴ്ചകളോളം ചർച്ച ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തത്. 30 വയസ്സായി, പുതിയൊരു വെല്ലുവിളി ഏറ്റെടുത്ത് പൂജ്യത്തിൽ നിന്ന് തുടങ്ങാൻ ഞാൻ തയ്യാറായിരുന്നു. ചെപ്പോക്കിലെ സ്ലോ പിച്ചിൽ എന്റെ ബാറ്റിംഗ് ശൈലി ഫലിക്കില്ലെന്ന് പലരും പറഞ്ഞു. എന്നാൽ സ്വന്തമായി ഒരു വഴി കണ്ടെത്താൻ ഞാൻ എന്നോട് തന്നെ ആവശ്യപ്പെട്ടു,” സഞ്ജു പറഞ്ഞു.
ടി20 ലോകകപ്പിൽ ഇന്ത്യയുടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റായി’ മിന്നുന്ന ഫോമിലാണ് സഞ്ജു സി.എസ്.കെയിൽ എത്തിയത്. എന്നാൽ ഐ.പി.എൽ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും താരം ഒറ്റയക്കത്തിന് പുറത്താവുകയും ചെന്നൈ തോൽക്കുകയും ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് എം.എസ്. ധോണി തനിക്ക് പിന്തുണയുമായി എത്തിയതെന്ന് സഞ്ജു പറഞ്ഞു.
“ആദ്യ മൂന്ന് തോൽവികൾക്ക് ശേഷം പ്രാക്ടീസിനിടെ മഹി ഭായ് എന്നോട് സംസാരിച്ചു. ഞാൻ ഓക്കെയാണോ എന്ന് അദ്ദേഹം ചോദിച്ചു. ‘ഭയ്യാ, ഞാൻ ഓക്കെയാണ്, പക്ഷേ…’ എന്ന് ഞാൻ പറഞ്ഞു തുടങ്ങി. ഉടൻ തന്നെ അദ്ദേഹം എന്നെ തടഞ്ഞു: ‘പക്ഷേ എന്നതിലേക്ക് ചിന്ത കാടുകയറേണ്ട. നീ ഏറ്റവും നന്നായി ചെയ്യുന്നത് എന്താണോ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാം ശരിയാകും’ എന്ന് പറഞ്ഞു,” സഞ്ജു ഓർത്തെടുത്തു.
ധോണിയുടെ ഈ വാക്കുകൾ വലിയൊരു പാഠമായിരുന്നുവെന്ന് സഞ്ജു പറയുന്നു. ശൈലി മാറ്റാനോ സമ്മർദ്ദത്തിന് വഴങ്ങാനോ നിൽക്കാതെ അടുത്ത മത്സരത്തിനിറങ്ങിയ സഞ്ജു, ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ 115 റൺസ് നേടി തകർപ്പൻ സെഞ്ചുറിയോടെ തിരിച്ചുവരവ് നടത്തി. തുടക്കത്തിലെ തിരിച്ചടികൾ മറികടന്ന സഞ്ജു, സീസണിൽ ചെന്നൈയ്ക്കായി 14 ഇന്നിംഗ്സുകളിൽ നിന്ന് 43.36 ശരാശരിയിലും 165.63 സ്ട്രൈക്ക് റേറ്റിലും 477 റൺസ് വാരിക്കൂട്ടി. രണ്ട് സെഞ്ചുറികളും ഒരു അർധസെഞ്ചുറിയും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഗംഭീര പ്രകടനം.
