തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ പ്രക്ഷോഭങ്ങളും സമരങ്ങളും ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ആദ്യകാലത്ത് സർക്കാരിനെതിരെ പ്രതികരിക്കാതിരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും നിലവിലെ സാഹചര്യങ്ങൾ കണ്ട് ഇനി മിണ്ടാതിരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രതികരണം.
ലൈഫ് മിഷൻ പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമല്ലെന്നും പുതിയ സർക്കാർ പദ്ധതി പൂർണമായും കൈയൊഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീസുരക്ഷാ പദ്ധതികളിലും തുടർനടപടികൾ ഇല്ലെന്നും, ഇതുമൂലം 16 ലക്ഷം സ്ത്രീകൾ സർക്കാരിനെതിരെ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമായ ലോഡ് ഷെഡ്ഡിംഗ് നടക്കുകയാണെന്നും, ഇത് സർക്കാരിന്റെ പിടിപ്പുകേടും മുൻകരുതലില്ലായ്മയും മൂലമാണെന്നും പിണറായി കുറ്റപ്പെടുത്തി. മഴ കുറയുന്നത് പുതിയ കാര്യമല്ലെന്നും, മുൻകാലങ്ങളിലും സമാന സാഹചര്യം ഉണ്ടായിരുന്നെങ്കിലും അന്ന് ലോഡ് ഷെഡ്ഡിംഗ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം വിഷയത്തിൽ യുഡിഎഫിന്റെ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. 2026 ഫെബ്രുവരിയിൽ പുതിയ വഖഫ് ബോർഡ് നിലവിൽ വന്നപ്പോൾ രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്താൻ എൽഡിഎഫ് തയ്യാറായിരുന്നില്ലെന്നും, വിഷയത്തിൽ നിയമപോരാട്ടം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ ബോർഡ് പിരിച്ചുവിടണമെന്നാണ് യുഡിഎഫ് അഡ്വക്കേറ്റ് ജനറൽ പറയുന്നതെന്നും, ഇത് സംഘപരിവാറിന് കീഴടങ്ങുന്ന നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടിൽ അമുസ്ലിം അംഗങ്ങളില്ലാതെയാണ് വഖഫ് ബോർഡ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ എൽഡിഎഫിന് കഴിഞ്ഞിരുന്നുവെന്നും, കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് വർഗീയ കലാപങ്ങളോ വലിയ വർഗീയ സംഘർഷങ്ങളോ ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു. അതിന് കാരണം എൽഡിഎഫിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ സംഘപരിവാറിനോട് അനുകൂല സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാരിനെതിരെ വാക്കിലോ പ്രവർത്തിയിലോ വിമർശിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും, രാജ്യത്ത് ഹിന്ദുത്വ ശക്തികൾ മുന്നോട്ടുവെക്കുന്ന നയങ്ങൾ കേരളത്തിലും പ്രതിഫലിക്കുന്നുവെന്നുമാണ് പിണറായി വിജയന്റെ ആരോപണം.
