മലപ്പുറം: കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ദേശീയപാതയിൽ നിയന്ത്രണം വിട്ട തൃശൂർ–കോഴിക്കോട് ബസ് ഡിവൈഡറിൽ ഇടിച്ചശേഷമാണ് തലകീഴായി മറിഞ്ഞത്. അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് (31) ആണ് മരിച്ചത്.
ദേവസ്വം ബോർഡ് പരീക്ഷ എഴുതാൻ സഹോദരനൊപ്പം പോകുന്നതിനിടെയായിരുന്നു വൈഷ്ണവിന് അപകടമുണ്ടായത്. പരിക്കേറ്റ സഹോദരൻ ചികിത്സയിലാണ്.
അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്തത്. ഫയർഫോഴ്‌സ് സംഘം ബസ് വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ബസിന്റെ നടുഭാഗം രണ്ടായി പിളർന്നു.
ബസ് ഒരു കാറിന്റെ മുകളിലേക്കാണ് മറിഞ്ഞത്. അമിതവേഗവും മഴയെ തുടർന്ന് റോഡ് നനഞ്ഞുകിടന്നതും അപകടത്തിന് കാരണമായിരിക്കാമെന്നാണ് ദൃക്സാക്ഷികളുടെയും നാട്ടുകാരുടെയും പ്രാഥമിക വിലയിരുത്തൽ.
പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കോട്ടക്കലിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
