Home Nationalട്രൗസറിൽ മൂത്രമൊഴിച്ചതിന് 5 വയസ്സുകാരനോട് ക്രൂരത; ചൂടാക്കിയ കത്തിയാൽ ജനനേന്ദ്രിയം പൊള്ളിച്ചെന്ന് പരാതി, അധ്യാപികയ്‌ക്കെതിരെ കേസ്

ട്രൗസറിൽ മൂത്രമൊഴിച്ചതിന് 5 വയസ്സുകാരനോട് ക്രൂരത; ചൂടാക്കിയ കത്തിയാൽ ജനനേന്ദ്രിയം പൊള്ളിച്ചെന്ന് പരാതി, അധ്യാപികയ്‌ക്കെതിരെ കേസ്

by news_desk1
0 comments

ലഖ്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ അഞ്ച് വയസ്സുകാരനായ നഴ്‌സറി വിദ്യാർത്ഥിയോട് പ്ലേ സ്കൂൾ അധ്യാപിക ക്രൂരമായി പെരുമാറിയെന്ന പരാതി. ക്ലാസ് മുറിയിൽ ട്രൗസറിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിൽ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ പൊലീസ് കേസെടുത്തു.

വാരണാസിയിലെ ലാൽപൂർ–പാണ്ഡേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സരീൻ സോണി പ്ലേ സ്കൂളിൽ ജൂലൈ 24-നാണ് സംഭവം നടന്നതെന്നാണ് പരാതി. പ്രീതി കുഷ്വാഹ എന്ന അധ്യാപികയാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് ആരോപണം.

ക്ലാസിലിരിക്കെ മൂത്രമൊഴിക്കാൻ പുറത്തുപോകാൻ കുട്ടി അനുമതി ചോദിച്ചെങ്കിലും അധ്യാപിക അനുവദിച്ചില്ല. തുടർന്ന് കുട്ടി ട്രൗസറിൽ തന്നെ മൂത്രമൊഴിക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായ അധ്യാപിക കുട്ടിയെ മർദിച്ചശേഷം മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഗ്യാസ് സ്റ്റൗവിൽ ചൂടാക്കിയ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം വേദനകൊണ്ട് കുട്ടി കരഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ പരിശോധിക്കുമ്പോഴാണ് ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്. തുടർന്ന് കുട്ടി അമ്മയോട് സംഭവിച്ച കാര്യങ്ങൾ വിവരിക്കുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു.

കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപിക പ്രീതി കുഷ്വാഹ, സ്കൂൾ പ്രിൻസിപ്പൽ, മാനേജ്മെന്റ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ആദ്യം പരാതിയുമായി സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറാകാതെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

You may also like