ന്യൂഡൽഹി: എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ട് ഡൽഹി പാട്യാല ഹൗസ് കോടതി റദ്ദാക്കി. ഇതോടെ ഐഷിക്ക് നിയമപരമായ ആശ്വാസം ലഭിച്ചിരിക്കുകയാണ്. അഞ്ച് വർഷം പഴക്കമുള്ള കേസിൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. ഐഷി സമർപ്പിച്ച ഹർജിയിലായിരുന്നു നടപടി. തുടർന്ന് വാറണ്ട് റദ്ദാക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. മുമ്പ് നൽകിയ സമൻസിൽ ഹാജരാകാതിരുന്നതിനാൽ പിഴ അടയ്ക്കാനും കോടതി നിർദേശിച്ചു.
2021-ൽ ബംഗ്ലാ ഭവനിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് പാട്യാല ഹൗസ് കോടതി ഏപ്രിൽ 15-ന് ഐഷി ഘോഷിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ, തുടർന്ന് മാസങ്ങളോളം സമൻസോ മറ്റ് ഔദ്യോഗിക അറിയിപ്പുകളോ നൽകിയിരുന്നില്ലെന്നാണ് വിവരം. ജന്തർ മന്തറിലെ പ്രതിഷേധത്തിന് പിന്നാലെയാണ് കേസിൽ വീണ്ടും നടപടികൾ സജീവമായത്.
സമരത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന ഐഷിയെ കസ്റ്റഡിയിലെടുക്കുന്നതിനായി ചൊവ്വാഴ്ച വൈകുന്നേരം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലെത്തിയ ഡൽഹി പൊലീസിന്റെ നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. അഞ്ച് വർഷം പഴക്കമുള്ള കേസ് വീണ്ടും ഉയർത്തിക്കാട്ടി, നീറ്റ് ചോദ്യചോർച്ച വിഷയത്തിൽ സമരത്തിന് നേതൃത്വം നൽകിയ ഐഷിയെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നായിരുന്നു വിമർശനം.
സ്വകാര്യ വാഹനത്തിൽ യൂണിഫോമോ നെയിംപ്ലേറ്റോ ഇല്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ എത്തിയതെന്നും ഇത് ജോൺ ബ്രിട്ടാസ് എം.പി ചോദ്യം ചെയ്തതിനെ തുടർന്ന് പൊലീസ് സംഘം മടങ്ങിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ആദ്യം അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്യുകയും പിന്നീട് അത് റദ്ദാക്കുകയും ചെയ്തു.

