തിരുവനന്തപുരം: പിഎംശ്രീ (PM-SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും പൂർണ്ണമായും പൊളിഞ്ഞുപാളീസായെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. നിലവിൽ യുഡിഎഫ് നേതാക്കൾ ഇക്കാര്യത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, അധികാരത്തിൽ വരാൻ വേണ്ടി മാത്രം അവർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഒന്നൊന്നായി തിരുത്തിപ്പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുപോലെ മുന്നണിയും സർക്കാരും മലക്കം മറിയുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കുമെന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു.
പിഎംശ്രീയുമായി ബന്ധപ്പെട്ട് സഭയിൽ പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിച്ച എം.പി.മാരോട് നന്ദി രേഖപ്പെടുത്തുന്നതായും, അവരുടെ ഈ ഇടപെടൽ രാഷ്ട്രീയ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് എം.പിമാർക്ക് പോലും മുഖ്യമന്ത്രിയുടെ കാപട്യം മടുത്തുതുടങ്ങിയിട്ടുണ്ട്. അതിനാൽ യുഡിഎഫ് നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ യോഗത്തിലേക്ക് സംസ്ഥാന സർക്കാർ ഔദ്യോഗികമായി സെക്രട്ടറിയെ അയച്ചുവെന്നും അദ്ദേഹം ഗുരുതരമായ ആരോപണം ഉന്നയിച്ചു.
ഇതിനിടയിൽ തിരുവനന്തപുരം കോർപ്പറേഷനിൽ അരങ്ങേറിയ സംഭവവികാസങ്ങളിലും അദ്ദേഹം രൂക്ഷമായ പ്രതികരണങ്ങൾ നടത്തി. തിരുവനന്തപുരം കോർപ്പറേഷനിൽ ഒരു കാപ്പ കേസ് പ്രതിക്ക് വേണ്ടി തദ്ദേശ വകുപ്പും ആഭ്യന്തര വകുപ്പും ഒരേപോലെ വാദിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് ജോൺ ബ്രിട്ടാസ് വിമർശിച്ചു. കാപ്പ കേസ് പ്രതിയെ സംരക്ഷിക്കാൻ വകുപ്പുകൾ വഴിവിട്ട നീക്കങ്ങളാണ് നടത്തിയത്. ആ സ്ഥാനത്ത് ഒരു കോൺഗ്രസ് കൗൺസിലർ ആയിരുന്നു പ്രതിയെങ്കിൽ സർക്കാർ ഇതേ സമീപനം തന്നെയായിരുന്നോ സ്വീകരിക്കുകയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
കേരളത്തിലെ ഈ സർക്കാരിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്. നിയമസഭയിൽ വെറും മൂന്ന് എംഎൽഎമാർ മാത്രമാണ് ബിജെപിക്ക് ഉള്ളതെങ്കിലും, ഫലത്തിൽ സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് അവരാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുപോലെ പരിപൂർണ്ണമായ കീഴടങ്ങൽ നടത്തിയ മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് കടുത്ത ഭാഷയിൽ വിമർശിച്ചു.

