Home Kerala40 വർഷത്തിനിടെ ആദ്യം; പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി, കാറുകളും വീട്ടുപകരണങ്ങളും ഉൾപ്പെടെ വൻനാശം

40 വർഷത്തിനിടെ ആദ്യം; പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി, കാറുകളും വീട്ടുപകരണങ്ങളും ഉൾപ്പെടെ വൻനാശം

by news_desk1
0 comments

പൂഞ്ഞാർ: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിലുണ്ടായ കനത്ത മഴയെ തുടർന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.സി. ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും പൂഞ്ഞാറിൽ ഭാര്യ നടത്തിയിരുന്ന കടയിലുമായി ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പി.സി. ജോർജ് അറിയിച്ചു.

പൂഞ്ഞാറിൽ താമസം തുടങ്ങിയിട്ട് 40 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം നേരിടുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇന്നലെ പുലർച്ചെയോടെയാണ് വീട്ടിലേക്ക് വെള്ളം കയറിയത്. വീടിനുള്ളിൽ മൂന്നരയടി വരെ വെള്ളം ഉയർന്നു. ഭാര്യയ്ക്കും മകനുമൊപ്പം വീട്ടിന്റെ രണ്ടാം നിലയിലേക്ക് മാറിയെങ്കിലും താഴത്തെ നിലയിലെ ഉപകരണങ്ങൾ മുഴുവൻ നശിച്ചു.

രണ്ട് ഇന്നോവ കാറുകളിലും വെള്ളം കയറി. താഴത്തെ നിലയിലെ ഫർണിച്ചറുകൾ, രണ്ട് ഫ്രിഡ്ജുകൾ, വിലപിടിപ്പുള്ള ടെലിവിഷൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ചെളിവെള്ളത്തിൽ പൂർണമായും നശിച്ചു. വീട്ടിൽ മാത്രം ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ഓണക്കാലം മുന്നിൽകണ്ട് സാധനങ്ങൾ സംഭരിച്ചിരുന്ന ഈരാറ്റുപേട്ടയിലെ വ്യാപാരികളും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഒറ്റരാത്രികൊണ്ട് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്.

പച്ചക്കറി കടകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ, ചെരുപ്പുകടകൾ, പലചരക്ക് കടകൾ തുടങ്ങി നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി, സാധനങ്ങൾ വ്യാപകമായി നശിച്ചു.

You may also like