കൊച്ചി: എം.കെ. സാനു മാസ്റ്ററുടെ ചരമവാർഷിക അനുസ്മരണ ചടങ്ങിൽ കവി കെ. സച്ചിദാനന്ദനെ പരോക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തുടർഭരണം അപകടമാണെന്ന തോന്നലോ ഇടതുപക്ഷത്തെ ഇകഴ്ത്തി സ്വീകാര്യത നേടാനുള്ള ശ്രമമോ സാനു മാഷ് നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
എം.കെ. സാനു മാസ്റ്ററുടെ അനുസ്മരണച്ചടങ്ങിൽ സംസാരിക്കവെയാണ് പിണറായി വിജയൻ ഈ പരാമർശം നടത്തിയത്. ഇടതുപക്ഷത്തെ കരിവാരിത്തേച്ച് സ്വീകാര്യത നേടാൻ സാനു മാഷ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും, ഇടതുപക്ഷത്തെ ഇകഴ്ത്തി സ്വന്തം യശസ്സ് ഉയർത്താനുള്ള നിലപാടും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും പിണറായി പറഞ്ഞു.
ജനമനസ്സുകളിൽ ഉയർന്ന സ്ഥാനമാണ് സാനു മാഷിന് ലഭിച്ചതെന്നും, അത് ഇല്ലാത്തവരാണ് “ഞാനിവിടെയുണ്ട്” എന്ന് അറിയിക്കാൻ ശ്രമിക്കുന്നതെന്നുമാണ് പിണറായി വിജയൻ പരാമർശിച്ചത്. സാഹിത്യ അക്കാദമിയുടെ മുൻ ചെയർമാൻ കൂടിയായ കെ. സച്ചിദാനന്ദനെ ലക്ഷ്യമിട്ടുള്ള പരാമർശമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം വേണ്ടെന്നും, മാറിമാറിയുള്ള ഭരണമാണ് താൻ ആഗ്രഹിക്കുന്നതെന്നും കെ. സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടിരുന്നു. ആ പ്രതികരണത്തിന് മറുപടിയായാണ് പിണറായി വിജയന്റെ പ്രസംഗം വിലയിരുത്തപ്പെടുന്നത്.
ഇതുവരെ വിഷയത്തിൽ പ്രതികരിക്കാതിരുന്ന പിണറായി വിജയൻ, എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിലാണ് ആദ്യമായി പരോക്ഷ വിമർശനം ഉന്നയിച്ചത്. ഇടത് സഹയാത്രികനായിരുന്ന സാനു മാഷിന്റെ നിലപാടുമായി താരതമ്യം ചെയ്തുള്ള ഈ പ്രതികരണത്തിന് കെ. സച്ചിദാനന്ദൻ എന്ത് മറുപടി നൽകുമെന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.

