Home Keralaവിവാദ പരാമർശത്തിൽ പിന്നോട്ടില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ

വിവാദ പരാമർശത്തിൽ പിന്നോട്ടില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ

by news_desk1
0 comments

കൊച്ചി: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗതാഗതമന്ത്രി സിപി ജോൺ. സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, തന്റെ വാക്കുകൾ വിവാദമായതിൽ ബുദ്ധിമുട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

പരാമർശങ്ങൾ വിവാദമായതിനെ തുടർന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. താൻ എന്താണ് ഉദ്ദേശിച്ചതെന്ന് ചോദിച്ച് വ്യക്തത തേടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യാത്ര ചെയ്യാൻ പോലും സാമ്പത്തികശേഷിയില്ലാത്ത നിരവധി സ്ത്രീകൾ സമൂഹത്തിലുണ്ടെന്നും, ആ യാഥാർഥ്യം തിരിച്ചറിയാൻ രാഷ്ട്രീയ നേതൃത്വത്തിനുപോലും കഴിഞ്ഞിട്ടില്ലെന്നതാണ് ദുഃഖകരമെന്നും സിപി ജോൺ പറഞ്ഞു. കേരളത്തിൽ ആളുകൾ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നുവെന്ന തരത്തിൽ താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമർശങ്ങൾ വിവാദമായത്. സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ സ്ത്രീകൾ വലിയ തോതിൽ യാത്ര ചെയ്യുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പല കുടുംബങ്ങളും മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയാണെന്നും പറഞ്ഞു.

ഫീസില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിട്ടും ചിലർ ഫീസ് നൽകുന്ന സ്കൂളുകളെയാണ് തിരഞ്ഞെടുക്കുന്നതെന്നും, യാത്രയ്ക്കായി കുറഞ്ഞ ചെലവുള്ള പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അസുഖം വന്നാൽ സ്വകാര്യ ആശുപത്രികളിലേക്കല്ല, സർക്കാർ ആശുപത്രികളിലേക്കാണ് പലരും പോകുന്നതെന്നും, കേരളത്തിലെ ജനങ്ങളുടെ ഈ പ്രവണത തന്നെ അതിശയിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like