Home National‘സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര സർക്കാരിന്റെ ഔദാര്യമല്ല’; സിപി ജോൺ മാപ്പുപറയണമെന്ന് ആനി രാജ

‘സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര സർക്കാരിന്റെ ഔദാര്യമല്ല’; സിപി ജോൺ മാപ്പുപറയണമെന്ന് ആനി രാജ

by news_desk1
0 comments

ദില്ലി: ഗതാഗതമന്ത്രി സിപി ജോണിന്റെ വിവാദ പരാമർശം പിൻവലിച്ച് പൊതുമാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും കാര്യങ്ങൾ തിരിച്ചറിഞ്ഞ് അദ്ദേഹം തിരുത്തൽ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആനി രാജ പറഞ്ഞു.

സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര സർക്കാരിന്റെ ഔദാര്യമോ ഭിക്ഷയോ അല്ലെന്നും, പൊതുഗതാഗത സൗകര്യം ജനങ്ങൾക്ക് ഉറപ്പാക്കേണ്ടത് സർക്കാരുകളുടെ ബാധ്യതയാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി. സ്ത്രീകൾ കൂടുതൽ തോതിൽ പദ്ധതി ഉപയോഗിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് മന്ത്രിയിൽ നിന്ന് ഇത്തരം പ്രതികരണം ഉണ്ടായതെന്നും അവർ വിമർശിച്ചു.

സൗജന്യ യാത്രാ പദ്ധതിക്ക് എ.പി.എൽ., ബി.പി.എൽ. എന്നിങ്ങനെ യാതൊരു മാനദണ്ഡവും സർക്കാർ മുന്നോട്ടുവെച്ചിരുന്നില്ലെന്നും, പദ്ധതിയുടെ ഗുണദോഷങ്ങളെക്കുറിച്ച് മുൻകൂട്ടി കൃത്യമായ പഠനം നടത്തിയിരുന്നില്ലെന്നതിന്റെ തെളിവാണ് മന്ത്രിയുടെ പ്രസ്താവനയെന്നും ആനി രാജ പറഞ്ഞു. ഈ പദ്ധതി പ്രഖ്യാപിച്ച് ജനങ്ങളുടെ പിന്തുണ നേടിയ ശേഷമാണ് ഇപ്പോൾ ഇത്തരം പരാമർശങ്ങൾ ഉയരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയ്ക്കായി സ്ത്രീകൾ തള്ളിക്കയറുന്നുവെന്നും, അതേസമയം സ്വന്തം മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയാണെന്നും, ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ ഒഴിവാക്കി സർക്കാർ ആശുപത്രികളുടെ വരാന്തകളിലാണ് കിടക്കുന്നതെന്നുമായിരുന്നു ഗതാഗതമന്ത്രി സിപി ജോണിന്റെ വിവാദ പരാമർശം.

സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഗതാഗതമന്ത്രി സ്ത്രീ വിരുദ്ധ പരാമർശമാണ് നടത്തിയതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ആരോപിച്ചു. സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് അത്യന്തം അപലപനീയമാണെന്നും സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു. മന്ത്രി സ്ത്രീകളോട് പരസ്യമായി മാപ്പുപറയണമെന്നും സി.എസ്. സുജാത ആവശ്യപ്പെട്ടു.

You may also like