പത്തനംതിട്ട: പ്രളയബാധിത പ്രദേശങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പത്തനംതിട്ടയിലെ റാന്നി സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ദുരിതബാധിതരുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, റാന്നിയിലെ വ്യാപാരികളുടെ പരാതികളും നേരിട്ട് കേട്ടു.
കാർഷിക മേഖലയിലുണ്ടായ നഷ്ടവും വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികളും നാളത്തെ മന്ത്രിസഭാ യോഗത്തിൽ പ്രത്യേകമായി ചർച്ച ചെയ്യുമെന്നും, ആവശ്യമായ സഹായങ്ങൾ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരും എം.എൽ.എമാരും ആവശ്യപ്പെടുന്ന സമയത്ത് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഴ ശക്തമായി തുടരും; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാലാണ് ഇന്ന് (ഓഗസ്റ്റ് 4) എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

