Home Nationalഅമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം; പാർലമെന്റിൽ ഇന്നും പ്രതിഷേധം, സഭാ നടപടികൾ തടസ്സപ്പെട്ടു

അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം; പാർലമെന്റിൽ ഇന്നും പ്രതിഷേധം, സഭാ നടപടികൾ തടസ്സപ്പെട്ടു

by news_desk1
0 comments

ന്യൂഡൽഹി: ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ മറുപടി പറയണമെന്ന ആവശ്യം ഉയർത്തി പ്രതിപക്ഷം പാർലമെന്റിലും പുറത്തും ഇന്നും പ്രതിഷേധം ശക്തമാക്കി. സഭാ നടപടികളോട് പ്രതിപക്ഷം സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ടു. അതേസമയം, ഇത് രാജഭരണ കാലമല്ലെന്നും സഭയിലെത്തി മറുപടി നൽകേണ്ട ഉത്തരവാദിത്തം അമിത് ഷായ്ക്കുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

തുടർച്ചയായി രണ്ട് ആഴ്ചയായി തുടരുന്ന പ്രതിഷേധം ഇന്നും പാർലമെന്റിൽ ആവർത്തിച്ചു. ലോക്സഭ സമ്മേളനം ആരംഭിച്ച ഉടൻ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. എല്ലാ ദിവസവും ഇത്തരത്തിൽ സഭ തടസ്സപ്പെടുത്തുകയാണെങ്കിൽ ജനങ്ങളുടെ വിഷയങ്ങൾ എങ്ങനെ ചർച്ച ചെയ്യാനാകുമെന്ന് സ്പീക്കർ ചോദിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. തുടർന്ന് ലോക്സഭാ നടപടികൾ നിർത്തിവെച്ചു. രാജ്യസഭയിലും സമാന സാഹചര്യം രൂപപ്പെട്ടു.

രാജ്യസഭയിൽ പ്രതിഷേധം ശക്തമായതോടെ, പ്ലക്കാർഡുകൾ ഉയർത്തുകയോ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ മുന്നറിയിപ്പ് നൽകി. അതേസമയം, അമിത് ഷാ എവിടെയാണെന്ന ചോദ്യവും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചു.

വെടിവയ്പ്പ് സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം സഭയിലെത്തി മറുപടി പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സഭാ നടപടികൾ സുഗമമാക്കാൻ സഹകരിക്കണമെന്ന് കിരൺ റിജിജു രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചു. പ്രധാനമന്ത്രിയും അമിത് ഷായും എന്തുകൊണ്ട് സഭയിൽ എത്തുന്നില്ലെന്ന് രാഹുൽ ഗാന്ധി റിജിജുവിനോട് ചോദിച്ചതായും റിപ്പോർട്ടുണ്ട്.

രാവിലെ പാർലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് പ്രധാന പ്രവേശന കവാടമായ മകരദ്വാറിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാർച്ച് നടത്തി. അമിത് ഷാ സഭയിൽ മറുപടി പറയുക, അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്തുക, ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധത്തിൽ പ്രതിപക്ഷം മുന്നോട്ടുവെച്ചത്.

You may also like