ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിലെ സ്വകാര്യ ലോഡ്ജിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം കണ്ണമംഗലം സ്വദേശിനി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചെറുതുരുത്തിയിലെ ‘ഹന്നാ റെസിഡൻസി’യിലെ 102-ാം നമ്പർ മുറിയിലാണ് ധനലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ധനലക്ഷ്മിയും വിജീഷും ഇവിടെ ഒരുമിച്ചാണ് താമസിച്ചുവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിനുശേഷം വിജീഷ് മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരമെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്. തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.കൊലപാതകം നടന്ന മുറിയിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി. കൃത്യത്തിന് പിന്നിലെ യഥാർത്ഥ കാരണവും സാഹചര്യങ്ങളും കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് പുരോഗമിക്കുന്നത്.ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 103(1) പ്രകാരം കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തതായി ചെറുതുരുത്തി പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
15
