തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രതിയായ സാഹചര്യത്തിൽ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ദേശീയ നേതൃത്വം നീക്കം ആരംഭിച്ചു. സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനെതിരെ സംഘടനാതല നടപടികൾ സ്വീകരിക്കാനും ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചന്ദ്രശേഖരനെ സംഘടനയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനവും സംസ്ഥാന കമ്മിറ്റി കൈക്കൊള്ളാൻ സാധ്യതയുണ്ട്.
ആർ. ചന്ദ്രശേഖരനെതിരെ വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി ശക്തമാകുന്നത്. കശുവണ്ടി അഴിമതിക്കേസിൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.
ദേശീയ തലത്തിലുള്ള മലയാളി നേതാക്കൾ ഉൾപ്പെടെ ചന്ദ്രശേഖരനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തെ സമീപിച്ചെന്നാണ് വിവരം. എന്നാൽ, പാർട്ടിക്കകത്തും സംഘടനയ്ക്കകത്തും അദ്ദേഹത്തിന് സംരക്ഷണം ലഭിച്ചെന്ന പരാതിയും നേതാക്കൾ ഉന്നയിക്കുന്നുണ്ട്. ഒടുവിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയതോടെയാണ് വിഷയത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ പുതിയ നേതൃത്വത്തെ ചുമതലപ്പെടുത്താനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ക്രമക്കേട് ആരോപണങ്ങൾ നേരത്തെ തന്നെ സംഘടനയ്ക്കുള്ളിൽ ഉയർന്നിരുന്നു. ഈ പരാതികൾ ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയിരുന്നെങ്കിലും അന്ന് നടപടിയുണ്ടായിരുന്നില്ല.
2006 മുതൽ 2015 വരെ കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ അഴിമതി നടത്തി കോർപ്പറേഷന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഖാദി ബോർഡിന്റെ മുൻ സെക്രട്ടറി രതീഷ് ഒന്നാം പ്രതിയും ആർ. ചന്ദ്രശേഖരൻ മൂന്നാം പ്രതിയുമാണ്.
