Home Top Storiesകോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം

കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം

by news_desk1
0 comments

ബംഗളൂരു: കർണാടകയിലെ ബിടതിയിൽ കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു. മൈസൂരു-ബംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ടുപേരിൽ ഒരാൾ ബസ് കണ്ടക്ടറായ കോഴിക്കോട് കോവൂർ സ്വദേശി അരുൺ എൻ.എം. ആണ്. ഡ്രൈവറും സംഭവസ്ഥലത്തുതന്നെ മരിച്ചു.

നിയന്ത്രണം വിട്ട ബസ് റോഡരികിലെ ദിശാസൂചിക ബോർഡിന്റെ തൂണിൽ ഇടിച്ചുകയറിയ ശേഷം തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഇന്ന് രാവിലെ 9.30ഓടെ ബെംഗളൂരുവിൽ എത്തേണ്ട ബസായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് വിവരം.

You may also like