ഇടുക്കി: മലങ്കര ഡാമിലേക്ക് രാസമാലിന്യം കലർന്ന സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഫാക്ടറി തുറന്ന് പ്രവർത്തിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി.
ഫാക്ടറിയിൽ നിന്നുണ്ടായ എണ്ണ ചോർച്ചയെ തുടർന്ന് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഫാക്ടറിയിൽ നിന്നുള്ള രാസമാലിന്യം മലങ്കര ജലാശയത്തിലേക്ക് കലർന്നത്.
പ്ലൈവുഡ് കമ്പനി ഉടമ റിയാദിനെതിരെ കാഞ്ഞാർ പൊലീസ് കേസെടുത്തു. മലങ്കര ജലാശയം ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ കുടിവെള്ള പദ്ധതികൾക്ക് പ്രധാന ആശ്രയമാണ്.
