Home Keralaകാണാതാകുന്നവരുടെ എണ്ണം ഉയരുന്നു; ഈ വർഷം മലപ്പുറത്ത് മാത്രം 363 പേർ അപ്രത്യക്ഷർ; ഓൺലൈൻ പ്രണയവും കുടുംബവഴക്കും പ്രധാന കാരണം

കാണാതാകുന്നവരുടെ എണ്ണം ഉയരുന്നു; ഈ വർഷം മലപ്പുറത്ത് മാത്രം 363 പേർ അപ്രത്യക്ഷർ; ഓൺലൈൻ പ്രണയവും കുടുംബവഴക്കും പ്രധാന കാരണം

by news_desk1
0 comments

മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വലിയ വർധനവുണ്ടാകുന്നതായി ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. ഈ വർഷം ഇതുവരെ മാത്രം മലപ്പുറം ജില്ലയിൽ നിന്ന് 363 പേരെയാണ് കാണാതായത്. 2022 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

2022ൽ 534 പേരെ കാണാതായപ്പോൾ 2023ൽ ഇത് 536 ആയി ഉയർന്നു. 2024ലും 2025ലും യഥാക്രമം 784, 733 പേരെയാണ് കാണാതായത്. വീടുകളിൽ നിന്ന് സ്‌കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിക്കാണ് ഭൂരിഭാഗം പേരെയും കാണാതാകുന്നത്.

കാണാതായവരിൽ വലിയൊരു വിഭാഗം പെൺകുട്ടികളും സ്ത്രീകളുമാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. പൊലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലൂടെ പലരെയും കണ്ടെത്താനായിട്ടുണ്ടെങ്കിലും ഇതുവരെ വിവരങ്ങളൊന്നും ലഭിക്കാത്തവരും നിരവധിയാണ്.

രക്ഷിതാക്കളുമായുള്ള ചെറിയ തർക്കങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങുന്നവരും പ്രണയബന്ധങ്ങളുടെ പേരിൽ ഒളിച്ചോടുന്നവരുമാണ് കാണാതായവരിൽ ഭൂരിഭാഗവുമെന്നാണ് പൊലീസ് അന്വേഷണങ്ങളിൽ വ്യക്തമാകുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന അപരിചിതരുമായി ദിവസങ്ങൾ മാത്രം നീളുന്ന ബന്ധം സ്ഥാപിച്ച ശേഷം അവർക്കൊപ്പം വീടുവിട്ടിറങ്ങുന്ന പ്രവണതയും വർധിച്ചുവരികയാണ്.

കുട്ടികളെ അകാരണമായി ശിക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷവും ചിലരെ വീടുവിട്ട് പോകാൻ പ്രേരിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്താകെ ഈ വർഷം ഇതുവരെ 5,253 പേരെയാണ് കാണാതായിട്ടുള്ളത്. കാണാതായതിന് പിന്നാലെ സ്വന്തം നിലയിൽ അന്വേഷണം നടത്തി പരാജയപ്പെട്ട ശേഷമാണ് പലരും പൊലീസിനെ സമീപിക്കുന്നത്. അതിനാൽ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കാം യഥാർഥത്തിൽ കാണാതാകുന്നവരുടെ എണ്ണമെന്നാണ് സൂചന.

You may also like