തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മഴ ശമിച്ചിട്ടും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്നും നിർണായക മണിക്കൂറുകളിൽ രക്ഷാപ്രവർത്തന ഏകോപനത്തിൽ വലിയ വീഴ്ച സംഭവിച്ചെന്നും അദ്ദേഹം ആരോപിച്ചു.
പ്രകൃതിദുരന്തങ്ങളിൽപ്പെടുന്നവർ നിരാലംബരാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. ഭരണനേതൃത്വത്തിൽ നിന്നുള്ള ചില പരാമർശങ്ങൾ അതിരുവിട്ടതായും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീരദേശവാസികളെ വൈകാരികമായി പ്രകോപിപ്പിക്കുന്നതിനും തങ്ങളെ അവഹേളിക്കുന്നുവെന്ന തോന്നലിലേക്ക് അവരെ എത്തിക്കുന്നതിനും കാരണമായെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
തീരദേശ മേഖലകളിൽ ഉൾപ്പെടെ അടിയന്തര സഹായ നടപടികൾ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ സർക്കാർ നടപ്പാക്കിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയെങ്കിലും ചെയ്താൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിത കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകുന്നതാണ് അഭികാമ്യമെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
രക്ഷാപ്രവർത്തനത്തിൽ വീഴ്ചയെന്ന് ആരോപണം
മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട നിർണായക മണിക്കൂറുകളിൽ രക്ഷാപ്രവർത്തന ഏകോപനത്തിൽ വലിയ വീഴ്ചയുണ്ടായെന്നാണ് പിണറായി വിജയന്റെ ആരോപണം. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് അറിവുള്ള വകുപ്പുകൾ എന്തുകൊണ്ട് സമയബന്ധിതമായി ഉണർന്ന് പ്രവർത്തിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സാന്നിധ്യക്കുറവും അനാസ്ഥയുമാണ് ഗൗരവകരമായ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തം നടന്ന് പത്ത് ദിവസം കഴിഞ്ഞാണ് മന്ത്രിമാർ സ്ഥലം സന്ദർശിച്ചതെന്നും ഇത് സർക്കാരിന്റെ ഗുരുതര വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മത്സ്യത്തൊഴിലാളിയുടെ മകൾക്കെതിരായ സൈബർ ആക്രമണത്തിലും വിമർശനം
കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ ജിജിക്കെതിരെ യുഡിഎഫ് അനുകൂലികൾ നടത്തുന്ന രൂക്ഷമായ സൈബർ ആക്രമണത്തെയും പിണറായി വിജയൻ ശക്തമായി അപലപിച്ചു.
ഒരു വിഭാഗം അണികൾ ക്വട്ടേഷൻ സംഘങ്ങളെപ്പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അനീതിക്കെതിരെ പ്രതികരിച്ച പെൺകുട്ടിക്കെതിരെ അതിക്രമം അഴിച്ചുവിട്ടവർക്കെതിരെ സർക്കാർ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും പിണറായി വിജയൻ ചോദിച്ചു.
