Home Nationalഎയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവം; പൈലറ്റിന്റെ പരിശോധനയിൽ കഞ്ചാവിന്റെ അംശം, കൂടുതൽ പരിശോധനയ്ക്ക് നീക്കം

എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവം; പൈലറ്റിന്റെ പരിശോധനയിൽ കഞ്ചാവിന്റെ അംശം, കൂടുതൽ പരിശോധനയ്ക്ക് നീക്കം

by news_desk1
0 comments

ദില്ലി: തായ്ലൻഡിലെ പൂകെറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം യാത്രയ്ക്കിടെ 300 അടി താഴേക്ക് പെട്ടെന്ന് പതിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് വ്യോമയാന മന്ത്രാലയം കാണുന്നത്. വൈദ്യപരിശോധനയിൽ പൈലറ്റിന്റെ സാമ്പിളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്തും.

പൈലറ്റിന്റെ സാമ്പിളിൽ കഞ്ചാവിന്റെ അംശം എങ്ങനെ എത്തിയെന്നതിൽ വിശദമായ പരിശോധന നടത്തുമെന്നും ചട്ടപ്രകാരം വിഷയം മെഡിക്കൽ റിവ്യൂ ഓഫീസർക്ക് കൈമാറുമെന്നും എയർ ഇന്ത്യ മാനേജ്മെന്റ് വ്യക്തമാക്കി. ആരോപണവിധേയനായ പൈലറ്റിനെതിരെ ക്യാബിൻ ജീവനക്കാരും സഹപൈലറ്റും പരാതി നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് നാലിന് പൂകെറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് യാത്രയ്ക്കിടെ പെട്ടെന്ന് താഴേക്ക് പതിച്ചത്. സംഭവത്തിൽ 20 യാത്രക്കാർക്കും നാല് ക്യാബിൻ ജീവനക്കാർക്കും പരിക്കേറ്റു. അപകടത്തിന് പിന്നാലെ പൈലറ്റുമാരിൽ ഒരാളുടെ ലഹരി പരിശോധനാഫലം പോസിറ്റീവായതോടെയാണ് സംഭവത്തിൽ ദുരൂഹത വർധിച്ചത്.

പൈലറ്റിനെതിരെ ഗുരുതര ആരോപണം

പൈലറ്റ് ഇൻ കമാൻഡ് ലഹരി ഉപയോഗിച്ച വ്യക്തിയെപ്പോലെയാണ് പെരുമാറിയതെന്ന് ആരോപിച്ച് ക്യാബിൻ ക്രൂ അംഗം എയർ ഇന്ത്യയ്ക്ക് പരാതി നൽകി. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൈലറ്റെന്നും പരാതിയിൽ പറയുന്നതായാണ് സൂചന. വിമാനം താഴേക്ക് പതിക്കുന്ന സാഹചര്യം ഒഴിവാക്കാൻ മുൻകൂട്ടി അറിയിപ്പ് നൽകിയപ്പോൾ ക്യാപ്റ്റൻ സീറ്റിലുണ്ടായിരുന്നില്ലെന്നും ചില റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ നിലവിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും തുടർനടപടികളിൽ നിർണായകമാകും.

അതേസമയം, ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിന്റെ മുൻ അറ്റകുറ്റപ്പണികളുടെ രേഖകൾ എഎഐബി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങളിലുണ്ടായിരുന്ന തകരാറുകളും പരിശോധിക്കുന്നുണ്ട്. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ പരിശോധന.

വിമാനം ആകാശച്ചുഴിയിൽപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന സാധ്യത വിദഗ്ധർ തള്ളിയിട്ടുണ്ട്. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രാജ്യത്തെ വിമാനക്കമ്പനികൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.

നിലവിലുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും പൈലറ്റുമാരിൽ കൂടുതൽ ലഹരി പരിശോധനകൾ നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. പ്രാഥമിക റിപ്പോർട്ട് പുറത്തുവന്ന ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിനിടെ എയർ ഇന്ത്യ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

You may also like