Home Nationalകേന്ദ്ര ബില്ലുകൾക്കെതിരെ തമിഴ്നാട് നിയമസഭ; മണ്ഡല പുനർനിർണയ ബിൽ പിൻവലിക്കണമെന്ന് ആവശ്യം

കേന്ദ്ര ബില്ലുകൾക്കെതിരെ തമിഴ്നാട് നിയമസഭ; മണ്ഡല പുനർനിർണയ ബിൽ പിൻവലിക്കണമെന്ന് ആവശ്യം

by news_desk1
0 comments

ചെന്നൈ: കേന്ദ്ര ബില്ലുകൾക്കെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം. മണ്ഡല പുനർനിർണയ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി ജോസഫ് വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്. എഫ്‌സിആർഎ ബില്ലിനും നീറ്റിനുമെതിരെ ഇന്നലെ പ്രമേയങ്ങൾ പാസാക്കിയിരുന്നു.

ലോക്സഭയിലെ അംഗസംഖ്യ നിലവിലെ 543 ആയി തന്നെ നിലനിർത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. ലോക്സഭയും രാജ്യസഭയും തമ്മിലുള്ള സീറ്റ് അനുപാതം 2.2:1 ആയി തുടരണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കോൺഗ്രസ് ഉൾപ്പെടെ സർക്കാരിനെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും പുറത്തുനിന്ന് പിന്തുണ നൽകുന്ന ഇടതുപക്ഷ പാർട്ടികളുടെയും യോഗം ചേർന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിജയ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ അടിസ്ഥാനത്തിൽ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

നിലവിലുള്ള 543 മണ്ഡലങ്ങളെ അടിസ്ഥാനമാക്കി 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണം. ഇത് ഇനിയും വൈകിപ്പിക്കരുതെന്നും വിജയ് നിയമസഭയിൽ പറഞ്ഞു. തമിഴ്നാട്ടിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്തിട്ടുണ്ടെന്നും സ്ത്രീകൾക്ക് സംവരണം നൽകുന്നത് ഔദാര്യമല്ലെന്നും സാമൂഹ്യനീതിയുടെ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനസംഖ്യ അഞ്ച് പതിറ്റാണ്ടിലേറെയായി കണക്കാക്കിയിട്ടില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 50 വർഷമായി മണ്ഡല പുനർനിർണയം നടക്കാത്ത സാഹചര്യത്തിൽ 2011ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണയിക്കണമെന്നും ഭരണഘടനാ ഭേദഗതിയിലൂടെ ലോക്സഭയിലെയും നിയമസഭകളിലെയും അംഗസംഖ്യ 550ൽ നിന്ന് 850 ആയി ഉയർത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ആഴ്ച വിജയ് വിളിച്ചുചേർത്ത സഖ്യകക്ഷികളിലെയും സൗഹൃദ പാർട്ടികളിലെയും തമിഴ്നാട് എംപിമാരുടെ യോഗത്തിൽ കേന്ദ്രസർക്കാർ നിർദേശിച്ച മണ്ഡല പുനർനിർണയ നടപടിയെ പൂർണമായി എതിർക്കാൻ തീരുമാനിച്ചിരുന്നു. ലോക്സഭയും രാജ്യസഭയും തമ്മിലുള്ള സീറ്റുകളുടെ അനുപാതം 2.2:1 ആയി നിലനിർത്തണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

മണ്ഡല പുനർനിർണയ പ്രക്രിയയിൽ തമിഴ്നാടിന്റെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും താൽപ്പര്യങ്ങൾ ശാശ്വതമായി സംരക്ഷിക്കുന്നതിനായി സംസ്ഥാന നിയമസഭയിൽ പ്രമേയം പാസാക്കാനും യോഗത്തിൽ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു.

സ്ത്രീ സംവരണ ബില്ലിനെ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇതിന്റെ നടപ്പാക്കൽ മണ്ഡല പുനർനിർണയ നടപടിയുമായി ബന്ധിപ്പിക്കുന്നതിനെ അവർ എതിർക്കുന്നു. ഇരു വിഷയങ്ങളും തമ്മിലുള്ള ബന്ധം ഒഴിവാക്കണമെന്നാണ് ആവശ്യം.

അതേസമയം, പ്രധാന പ്രതിപക്ഷ പാർട്ടികളായ ഡിഎംകെയും എഐഎഡിഎംകെയും യോഗം ബഹിഷ്കരിച്ചു. ചർച്ചകളെ ഡിഎംകെ ‘പ്രഹസനം’ എന്ന് വിശേഷിപ്പിച്ചപ്പോൾ എഐഎഡിഎംകെ ‘തിടുക്കത്തിൽ അരങ്ങേറിയ നാടകം’ എന്നാണ് വിശേഷിപ്പിച്ചത്.

‘നാരി ശക്തി വന്ദൻ അധിനിയം, 2023’ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. എന്നാൽ ഭരണഘടനാ ഭേദഗതി ആവശ്യമായതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് 2026 ഏപ്രിൽ 17ന് ലോക്സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ (131ാം ഭേദഗതി) പരാജയപ്പെട്ടു. ഇതോടെ തുടർനടപടികൾ മുന്നോട്ടുപോയില്ല.

നിയമനിർമാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നത് ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമായി ബന്ധിപ്പിക്കുന്നതായിരുന്നു ഈ ബിൽ.

You may also like