നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തിയ ശേഷം ഹെലിപ്പാഡിൽ ഇറങ്ങാതെ മടങ്ങിയത് ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും ഇടയാക്കി. ഹെലിപ്പാഡിന് മുകളിൽ അല്പസമയം നിന്ന ശേഷമാണ് ഹെലികോപ്റ്റർ തിരികെ പറന്നത്.
ZP5151 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഇന്ത്യൻ എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലിപ്പാഡിൽ ലാൻഡ് ചെയ്യുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ നിലയുറപ്പിച്ച ശേഷം ഹെലികോപ്റ്റർ മടങ്ങിപ്പോവുകയായിരുന്നു.
ഹെലികോപ്റ്റർ നിലയ്ക്കലിൽ എത്തിയതിനെക്കുറിച്ചോ പിന്നീട് തിരികെ പോയതിന്റെ കാരണത്തെക്കുറിച്ചോ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല.
അതീവ സുരക്ഷാ മേഖലയായ ശബരിമലയിലും പരിസരങ്ങളിലും വ്യോമസേനയുടെ ഹെലികോപ്റ്റർ സുരക്ഷാ പരിശോധനയുടെ ഭാഗമായി എത്തിയതാണോ, അതോ നിരീക്ഷണപ്പറക്കലിന്റെ ഭാഗമായിരുന്നോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
സംഭവത്തിൽ ഇന്ത്യൻ വ്യോമസേനയോ കേരള പൊലീസോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
