Home Nationalപ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൂന്ന് മാസം ഗർഭിണി, ഭർത്താവിനെതിരെ കുടുംബം

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൂന്ന് മാസം ഗർഭിണി, ഭർത്താവിനെതിരെ കുടുംബം

by news_desk1
0 comments

ദില്ലി: പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ 30കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം ഗർഭിണിയായിരുന്ന നാസിയ ഖാനമാണ് മരിച്ചത്. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.

നാസിയ ഖാനം ഏപ്രിൽ 11നാണ് അസം അലി ഖാനെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ തന്നെ ഭർത്താവും മാതാപിതാക്കളും നിരന്തരം വഴക്കിടുകയും വീട്ടിൽ നിന്ന് ഇറക്കിവിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി നാസിയ പറഞ്ഞിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി.

ഓഗസ്റ്റ് 21ന് പുലർച്ചെ നാലുമണിയോടെയാണ് നാസിയ ജീവനൊടുക്കിയെന്ന വിവരം കുടുംബത്തിന് ലഭിച്ചത്. എന്നാൽ ഇത് കൊലപാതകമാണെന്നും ജീവനൊടുക്കിയതായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു. നാസിയയുടെ മരണത്തിന് ഉത്തരവാദി ഭർത്താവാണെന്ന് പിതാവ് തവാബ് ഖാൻ ആരോപിച്ചു.

വഴക്കിന് ശേഷം നാസിയ മുറിയിൽ കയറി വാതിലടച്ചെന്നും പിന്നീട് മുറി തുറക്കാൻ ശ്രമിച്ചപ്പോൾ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി.

നാസിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ മൊഴിയെടുക്കാൻ സമയമെടുത്തതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ വൈകി. പോസ്റ്റ്‌മോർട്ടം വീഡിയോഗ്രാഫി ചെയ്യണമെന്നും തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ബന്ധുക്കളുടെ മൊഴി, സ്ഥലത്തുനിന്ന് ലഭിച്ച തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

You may also like