വയനാട്: സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക ചന്തകളിൽ ഡിജിറ്റൽ പേയ്‌മെന്റിന് പുറമെ നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ വാങ്ങാമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. കാർഷിക ചന്തകളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമേ പണമിടപാട് നടത്താനാകൂ എന്ന തരത്തിലുള്ള പ്രചാരണം ശക്തമായതിനെ തുടർന്നാണ് മന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് പുറമെ പണമായി നേരിട്ട് പണം നൽകി ഉത്പന്നങ്ങൾ വാങ്ങുന്നതിന് യാതൊരു തടസവുമില്ലെന്ന് മന്ത്രി പറഞ്ഞു. കാർഷിക ചന്തകളിലെ പണമിടപാടുകൾ ഡിജിറ്റൽ സംവിധാനത്തിൽ മാത്രമായി പരിമിതപ്പെടുത്തിയെന്നും യുപിഐ വഴി മാത്രമേ പണം നൽകാനാകൂ എന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതവും അവാസ്തവവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷിവകുപ്പിന്റെ ഓണച്ചന്തകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഇടപാടുകൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും നടത്തുന്നതിനാണ് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം അധികമായി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പൊതുജനങ്ങളിൽ നിന്ന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്ക് യുപിഐ സംവിധാനം ഉപയോഗിക്കാമെന്നതിന് പുറമെ മറ്റൊരു നിബന്ധനയും കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ രണ്ടായിരത്തോളം കാർഷിക ചന്തകളിൽ ഏർപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിപണിയെ അപേക്ഷിച്ച് 30 ശതമാനം വരെ കുറഞ്ഞ വിലയിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതിനാണ് കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ ഒരുക്കിയിരിക്കുന്നത്. അതിനാൽ തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ കാർഷിക ചന്തകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
