Home Keralaവ്യാജ രേഖയും കണക്കും; തസ്തിക നിലനിർത്താൻ കണ്ണൂരിലെ 16 എയ്ഡഡ് സ്കൂളുകളിൽ ക്രമക്കേട്, പ്രധാനാധ്യാപകരും കുടുങ്ങും

വ്യാജ രേഖയും കണക്കും; തസ്തിക നിലനിർത്താൻ കണ്ണൂരിലെ 16 എയ്ഡഡ് സ്കൂളുകളിൽ ക്രമക്കേട്, പ്രധാനാധ്യാപകരും കുടുങ്ങും

by news_desk1
0 comments

കണ്ണൂർ: തസ്തിക നിലനിർത്തുന്നതിനായി വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് എയ്ഡഡ് സ്കൂളുകളിൽ ക്രമക്കേട് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കണ്ണൂർ ജില്ലയിലെ 16 സ്കൂളുകളിലാണ് തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കാൻ വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. കേസിൽ ക്ലാസ് അധ്യാപകരും പ്രധാനാധ്യാപകരും പ്രതികളാകുമെന്നാണ് വിവരം. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർഥികളുടെ എണ്ണം കൃത്രിമമായി വർധിപ്പിക്കുന്നതിനായി അഡ്മിഷൻ രജിസ്റ്ററിലും ഉച്ചഭക്ഷണ രജിസ്റ്ററിലും വ്യാജ രേഖകൾ തയ്യാറാക്കിയതായും വിജിലൻസ് കണ്ടെത്തി.

കേന്ദ്ര വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ പേരുകൾ പോലും സ്കൂൾ രജിസ്റ്ററിൽ ഉൾപ്പെടുത്തി വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ഇതുവഴി യൂണിഫോം, പാഠപുസ്തകം എന്നിവയ്ക്കായി സർക്കാർ അനുവദിക്കുന്ന തുകയിൽ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും വിജിലൻസ് അറിയിച്ചു.

തസ്തിക നിലനിർത്തുന്നതിനായി നടത്തിയ ക്രമക്കേടിൽ സ്കൂൾ അധികൃതർക്കൊപ്പം ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിച്ചുവരികയാണ്.

You may also like