ചെന്നൈ: തമിഴ്നാട്ടിൽ വൻ പ്രഖ്യാപനങ്ങളുമായി സി. ജോസഫ് വിജയ് സർക്കാർ. വർഷത്തിൽ മൂന്ന് എൽ.പി.ജി ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചത്. ‘അന്നപൂർണി സൂപ്പർ 6’ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ഗ്യാസ് സിലിണ്ടർ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്കായി പ്രതിവർഷം ഏകദേശം 4000 കോടി രൂപ ബജറ്റ് ചെലവ് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 1.30 കോടിയിലധികം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ യാത്രക്കാർക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയും വിപുലീകരിച്ചു. ‘വെട്രി പയണം’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ മെട്രോപൊളിറ്റൻ, നഗര കേന്ദ്രങ്ങളിൽ സർവീസ് നടത്തുന്ന എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ് സർക്കാർ ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ യാത്രക്കാർക്കും സൗജന്യമായി യാത്ര ചെയ്യാം. ഓർഡിനറി ബസുകളിലും സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കും.
പദ്ധതി നടപ്പാക്കാൻ പ്രതിവർഷം 6000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി സർക്കാർ അറിയിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ പദ്ധതികൾ നടപ്പാക്കും.
പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചു
അതേസമയം, പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചു. കർഷകർ ഉൾപ്പെടെ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ചെന്നൈയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള പരന്തൂരിൽ മുൻ ഡി.എം.കെ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് ഉപേക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജനങ്ങൾക്ക് എതിർപ്പില്ലാത്ത മറ്റൊരു സ്ഥലത്ത് പുതിയ വിമാനത്താവളം സ്ഥാപിക്കുമെന്നും വിജയ് വ്യക്തമാക്കി. വിമാനത്താവളത്തിനായി അനുയോജ്യമായ സ്ഥലങ്ങൾ വിദഗ്ധ സംഘങ്ങൾ വിശദമായി പരിശോധിക്കും. പരിശോധനകൾക്ക് ശേഷമായിരിക്കും അന്തിമ സ്ഥലം തീരുമാനിക്കുക.
പദ്ധതി ഉപേക്ഷിക്കുന്നതിലൂടെ വലിയൊരു വിഭാഗം ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും പ്രദേശത്തെ കൃഷിഭൂമി സംരക്ഷിക്കാനാകുമെന്നും വിജയ് പറഞ്ഞു. ജനസാന്ദ്രതയേറിയ പ്രദേശം വിമാനത്താവളത്തിനായി തെരഞ്ഞെടുത്ത മുൻ ഡി.എം.കെ സർക്കാരിന്റെ നടപടിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
