ഡൽഹി: നീറ്റ് പരീക്ഷ 2027 മുതൽ ഓൺലൈൻ രീതിയിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. പരീക്ഷ ഓൺലൈനാക്കുന്നതിനുള്ള റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ രംഗത്തെത്തിയതായാണ് വിവരം. ജെഇഇ മാതൃകയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) രീതിയിൽ നീറ്റ് നടത്തുന്നതും പരിഗണനയിലുണ്ട്.
12 മുതൽ 14 വരെ ഷിഫ്റ്റുകളിലായി നീറ്റ് പരീക്ഷ നടത്താനാണ് ആലോചന. പരീക്ഷ ഒന്നിലധികം ദിവസങ്ങളിലായി നടത്താനും നിർദേശമുണ്ട്. സർക്കാർ പിന്തുണയോടെ രാജ്യത്ത് 1,000 ടെസ്റ്റിംഗ് സെന്ററുകൾ ഒരുക്കുമെന്നും സൂചനയുണ്ട്.
സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പരീക്ഷാ കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്. നീറ്റ് പരീക്ഷ ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായുള്ള റോഡ് മാപ്പാണ് നന്ദൻ നിലേകനി പാനൽ അവതരിപ്പിച്ചിരിക്കുന്നത്.
