കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോൽവിക്ക് കാരണം ബഹുജനങ്ങൾക്കിടയിൽ ഉണ്ടായ ആശയക്കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
പാർട്ടി വിട്ടുപോയവർക്കും വിമതർക്കുമെതിരെ രൂക്ഷ വിമർശനമാണ് പിണറായി വിജയൻ ഉന്നയിച്ചത്. സിപിഎം പരാജയപ്പെടേണ്ട മണ്ഡലമായിരുന്നില്ല പയ്യന്നൂരെന്നും ടി.ഐ. മധുസൂദനന്റെ വ്യക്തിപരമായ തോൽവിയായി ഇതിനെ കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കയ്യിലെ കോടാലിയായി മാറിയെന്നും പിണറായി കുറ്റപ്പെടുത്തി.
പാർട്ടി നേതൃസ്ഥാനത്തുണ്ടായിരുന്ന ഒരാൾ തന്നെ പാർട്ടിക്കെതിരെ രംഗത്തുവന്നത് തിരിച്ചടിയായി. നേതൃസ്ഥാനത്തുണ്ടായിരുന്നവർ കള്ളപ്രചാരണങ്ങൾ നടത്തിയപ്പോൾ ജനങ്ങളിൽ ചില സംശയങ്ങൾ രൂപപ്പെട്ടു. പാർട്ടിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തെറ്റ് കണ്ടാൽ കൃത്യമായ നടപടി സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎമ്മെന്നും പയ്യന്നൂരിലെ ആരോപണങ്ങൾ പാർട്ടി കൃത്യമായി പരിശോധിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.
ചിലർ പാർട്ടി ശത്രുക്കൾക്ക് വിലയ്ക്ക് എടുക്കാൻ കഴിയുന്നവരായി അധഃപതിച്ചെന്നും എതിരാളികൾ നേടിയിരിക്കുന്നത് താൽക്കാലിക വിജയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിനൊപ്പം എല്ലാക്കാലവും നിലകൊണ്ട ചിലർ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അവർ പാർട്ടി നശിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ലെന്നും പിണറായി പറഞ്ഞു. താൽക്കാലിക വികാരത്തിന് കീഴ്പ്പെട്ടാണ് അവർ പാർട്ടിയിൽനിന്ന് അകന്നത്. സംഭവിച്ച തെറ്റുകൾ തിരുത്തി അത്തരം ആളുകൾ വീണ്ടും പാർട്ടിയുടെ സംരക്ഷകരായി തിരിച്ചെത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ശത്രുക്കളുടെ കയ്യിലെ കോടാലിയായി മാറിയ കുഞ്ഞിക്കൃഷ്ണനെപ്പോലുള്ളവർക്ക് പിന്നീട് ഈ പ്രസ്ഥാനത്തിന് ഒരു പോറലുപോലും ഏൽപ്പിക്കാൻ കഴിഞ്ഞ ചരിത്രമില്ലെന്നും വളർന്നുപന്തലിച്ച സിപിഎമ്മിനെ ഇത്തരം നീക്കങ്ങളിലൂടെ തകർക്കാനാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
