Home Nationalരാമക്ഷേത്ര ട്രസ്റ്റിന് ആദ്യ സിഇഒ ഉടൻ; 5,585 അപേക്ഷകൾ, നിയമന നടപടികൾ അവസാനഘട്ടത്തിൽ

രാമക്ഷേത്ര ട്രസ്റ്റിന് ആദ്യ സിഇഒ ഉടൻ; 5,585 അപേക്ഷകൾ, നിയമന നടപടികൾ അവസാനഘട്ടത്തിൽ

by news_desk1
0 comments

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിന്റെ മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ആദ്യമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയതായി റിപ്പോർട്ട്. സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക സെർച്ച് കമ്മിറ്റി ട്രസ്റ്റിന് കൈമാറും. സെപ്റ്റംബർ രണ്ടിന് നടക്കുന്ന നിർണായക ട്രസ്റ്റ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.

ഇതിന് മുന്നോടിയായി സെർച്ച് കമ്മിറ്റി അംഗങ്ങളായ റിട്ട. ലഫ്. ജനറൽ വിഷ്ണു കാന്ത് ചതുർവേദി, മുൻ ശാസ്ത്രജ്ഞൻ സുരേഷ് ഹവാരെ, മുൻ ജഡ്ജി പ്രമോദ് കോഹ്ലി എന്നിവർ അയോധ്യയിലെത്തി ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസുമായി കൂടിക്കാഴ്ച നടത്തി.

സെപ്റ്റംബർ രണ്ടിന് നടക്കുന്ന ട്രസ്റ്റ് യോഗത്തിന് ശേഷം സിഇഒ നിയമനത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5,585 അപേക്ഷകളാണ് സിഇഒ സ്ഥാനത്തേക്ക് സെർച്ച് കമ്മിറ്റിക്ക് ലഭിച്ചത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ മുതൽ ബ്രിഗേഡിയർ റാങ്കിന് മുകളിലുള്ള സൈനിക ഉദ്യോഗസ്ഥർ വരെ അപേക്ഷകരിലുണ്ട്. എൻജിഒകളുമായി ബന്ധപ്പെട്ട പ്രൊഫഷണലുകളും സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

പ്രാഥമിക സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 16 അപേക്ഷകരെ സെർച്ച് കമ്മിറ്റി അഭിമുഖം നടത്തി. വിവിധ വിഭാഗങ്ങളിൽ നിന്നായി മൂന്നുപേരുടെ വീതമുള്ള പാനലുകളും കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്.

ക്ഷേത്രത്തിന്റെ ഭരണ-നിർവഹണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യമായി സിഇഒയെ നിയമിക്കുന്നത്. ബുധനാഴ്ച നടക്കുന്ന ട്രസ്റ്റ് യോഗത്തിൽ വിവിധ കമ്മിറ്റികളുടെ പുനഃസംഘടനയും രാമക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളും ചർച്ചയാകും.

സംഭാവനക്കൊള്ളയെ തുടർന്നുണ്ടായ സാഹചര്യത്തിൽ ചമ്പത് റായ്, ഡോ. അനിൽ മിശ്ര എന്നിവർ രാജിവെച്ച ജനറൽ സെക്രട്ടറി, ട്രസ്റ്റി അംഗം സ്ഥാനങ്ങളിലേക്കുള്ള നിയമനവും യോഗത്തിൽ ചർച്ച ചെയ്യും. ക്ഷേത്ര ട്രസ്റ്റിന് വക്താവിനെ നിയമിക്കുന്ന കാര്യവും പരിഗണിച്ചേക്കും.

You may also like