തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമവാർത്തകൾ തള്ളി മുൻ മന്ത്രി മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ഇഡി ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണ് ഇതെന്നാണ് റിയാസിന്റെ പ്രതികരണം. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഇഡി ചോർത്തിക്കൊടുത്ത റിപ്പോർട്ടിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ളതാണെന്ന് റിയാസ് ആരോപിച്ചു. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്ക് മുന്നിൽ സമ്മതിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത പച്ചക്കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പുതിയ അസംബന്ധങ്ങൾ പ്രചരിക്കുന്നുണ്ടെന്നും റിയാസ് പറഞ്ഞു. അന്വേഷണത്തിന്റെ പേരിൽ പുറത്തുവിടുന്ന ഇത്തരം വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരെ അപമാനിക്കുന്നവരുടെ ‘ആട്ടം തുടരട്ടെ’ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
