Home Keralaപേഴ്സണൽ സ്റ്റാഫിൽ 787 പേരെന്ന ആരോപണം; പട്ടിക പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിണറായി വിജയൻ

പേഴ്സണൽ സ്റ്റാഫിൽ 787 പേരെന്ന ആരോപണം; പട്ടിക പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിണറായി വിജയൻ

by news_desk1
0 comments

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ പിണറായി വിജയൻ രംഗത്ത്. യഥാർഥത്തിൽ 500ൽ താഴെ പേരാണ് പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നതെന്നും ഇതിന് സർക്കാർ രേഖകൾ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 787 പേരെ നിയമിച്ചെന്ന ആരോപണം ശരിയാണെങ്കിൽ അവരുടെ പട്ടിക മുഖ്യമന്ത്രി പരസ്യപ്പെടുത്തണമെന്നും പിണറായി വിജയൻ വെല്ലുവിളിച്ചു.

കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32 പേരും മറ്റ് മന്ത്രിമാർക്ക് 25ൽ താഴെ പേരുമാണ് പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നത്. അഞ്ച് വർഷത്തിനിടെ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നീ നാല് മന്ത്രിമാർ മാറി പുതിയവർ ചുമതലയേറ്റിരുന്നു. സജി ചെറിയാൻ രാജിവച്ച് പിന്നീട് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ ഇതിലൂടെ ആകെ സ്റ്റാഫുകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തമായ രേഖകൾ നിലനിൽക്കെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആശാസ്യമല്ലെന്നും പിണറായി വിജയൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. 787 എന്ന കണക്ക് എവിടെനിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും പട്ടിക എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.

You may also like