Home Kerala‘പിണറായി വിജയനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ ജനം അറിയണം’; വിജിലൻസ് അന്വേഷണത്തിന് ഡിജിപി ഉത്തരവിടണമെന്ന് ജേക്കബ് തോമസ്

‘പിണറായി വിജയനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ ജനം അറിയണം’; വിജിലൻസ് അന്വേഷണത്തിന് ഡിജിപി ഉത്തരവിടണമെന്ന് ജേക്കബ് തോമസ്

by news_desk1
0 comments

തൃശൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസ്. വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവി അടിയന്തരമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തന്നെ അതീവ ഗൗരവമുള്ളതായി വിശേഷിപ്പിച്ച ഒരു കണ്ടെത്തലിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ടുപോകാൻ യുഡിഎഫ് സർക്കാർ കാണിക്കുന്ന അലംഭാവം ദുരൂഹമാണെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ളതും സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ സംരംഭങ്ങളുടെ നിലനിൽപ്പിനും സുഗമമായ നടത്തിപ്പിനുമായി ഭരണകർത്താക്കളും ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുകയോ നൽകുകയോ ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങളും സംരംഭങ്ങളും പ്രവർത്തിച്ച് മുന്നോട്ടുപോകണമെങ്കിൽ ഉന്നത ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ടിവരുന്ന സാഹചര്യം ഞെട്ടിക്കുന്നതാണെന്നും ഇത് നിസ്സാരമായി തള്ളിക്കളയാനാകില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. കൃത്യമായ ക്രിമിനൽ ഉദ്ദേശ്യത്തോടെയുള്ള അധികാര ദുർവിനിയോഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

വിഷയത്തിൽ നിയമപരമായ അന്വേഷണം വൈകിപ്പിക്കുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പും പോലീസും ഒളിച്ചുകളി അവസാനിപ്പിക്കണം. സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെട്ട് അടിയന്തരമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും വിജിലൻസും മറ്റ് ബന്ധപ്പെട്ട നിയമ ഏജൻസികളും സംയുക്തമായി നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.

You may also like