Home Top Storiesകേരളം പവർകട്ടിൽ ഇരുട്ടിൽ; ക്ലിഫ് ഹൗസിൽ മാത്രം വെളിച്ചം, പ്രത്യേക ഫീഡറിനെ ചൊല്ലി വിവാദം

കേരളം പവർകട്ടിൽ ഇരുട്ടിൽ; ക്ലിഫ് ഹൗസിൽ മാത്രം വെളിച്ചം, പ്രത്യേക ഫീഡറിനെ ചൊല്ലി വിവാദം

by news_desk1
0 comments

തിരുവനന്തപുരം: കേരളം പവർകട്ടിൽ വലയുമ്പോഴും മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും താമസിക്കുന്ന ക്ലിഫ് ഹൗസ് പരിസരത്ത് മാത്രം വൈദ്യുതി മുടങ്ങുന്നില്ലെന്ന് ആരോപണം. ക്ലിഫ് ഹൗസിലേക്കുള്ള ഫീഡർ ഒരിക്കലും ഓഫ് ചെയ്യുന്നില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് റിപ്പോർട്ട്.

കഴിഞ്ഞ ദിവസങ്ങളായി വൈദ്യുതി എപ്പോൾ പോകുമെന്നോ എത്ര നേരം നീണ്ടുനിൽക്കുമെന്നോ അറിയാതെ സംസ്ഥാനത്തെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. എന്നാൽ ക്ലിഫ് ഹൗസിലേക്കുള്ള രണ്ട് ഫീഡറുകളും ഓഫ് ചെയ്തിട്ടില്ലെന്നാണ് വിവരം. ക്ലിഫ് ഹൗസിനോട് ചേർന്നുള്ള ഏതാനും വീടുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പലതവണ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി പവർകട്ട് ഉണ്ടായിട്ടും ക്ലിഫ് ഹൗസ് പരിസരം ഇരുട്ടിലായിട്ടില്ലെന്ന് പ്രദേശവാസികളും പറയുന്നു.

ഇന്നലെ ക്ലിഫ് ഹൗസ് പരിസരത്തെ പ്രദേശവാസികൾക്ക് രാത്രി 10.55ഓടെ വൈദ്യുതി മുടങ്ങുമെന്ന സന്ദേശം ലഭിച്ചിരുന്നു. എന്നാൽ സന്ദേശം ലഭിച്ചതിന് ശേഷവും വൈദ്യുതി മുടങ്ങിയില്ലെന്ന് പ്രദേശവാസികളിൽ ചിലർ പറഞ്ഞു.

ജനങ്ങൾ നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ ബുദ്ധിമുട്ട് മുഖ്യമന്ത്രി വി.ഡി. സതീശനോ വൈദ്യുതി മന്ത്രി സണ്ണി ജോസഫോ മറ്റ് മന്ത്രിമാരോ അനുഭവിക്കുന്നില്ലെന്ന വിമർശനവും ഇതോടെ ഉയരുന്നുണ്ട്. ക്ലിഫ് ഹൗസ് പരിസരത്തിന് പുറത്തുള്ള മന്ത്രി മന്ദിരങ്ങളിൽ വൈദ്യുതി മുടങ്ങാറുണ്ടെങ്കിലും മിക്കയിടത്തും ഇൻവെർട്ടർ സംവിധാനമുള്ളതിനാൽ പൂർണമായി ഇരുട്ടിലാകാറില്ല. എസി പ്രവർത്തിപ്പിക്കാനാകില്ലെന്നതാണ് മന്ത്രിമാർ നേരിടുന്ന പ്രധാന ബുദ്ധിമുട്ടെന്നും വിമർശനമുണ്ട്.

അതേസമയം, വിഷയം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുകയും വിമർശനം ശക്തമാകുകയും ചെയ്തതോടെ ക്ലിഫ് ഹൗസിന് മാത്രമായി വൈദ്യുതി സംരക്ഷണം പരിമിതപ്പെടുത്തുന്ന സംവിധാനത്തിലേക്ക് മാറുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് നടപ്പായാൽ ക്ലിഫ് ഹൗസ് പരിസരത്തെ മറ്റ് വീടുകളിൽ വൈദ്യുതി മുടങ്ങുകയും മന്ത്രിമന്ദിരത്തിൽ മാത്രം വൈദ്യുതി നിലനിർത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നാണ് സൂചന.

ക്ലിഫ് ഹൗസിലേക്ക് മാത്രമായി പ്രത്യേക ഫീഡർ സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ഇന്നലെ നന്ദൻകോട് ഭാഗത്തെ ഏതാനും വീടുകളിൽ മാത്രമാണ് ഏകദേശം ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയത്.

You may also like