കണ്ണൂർ: “ഈ പ്രസ്ഥാനത്തെ തകര്‍ത്തുകളയാമെന്ന ദുര്‍മോഹം ഉണ്ടെങ്കില്‍ സഹതാപം മാത്രം”; എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി പിണറായി വിജയന്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും അതിജീവിച്ച് മുന്നോട്ടുപോകുമെന്നും പിണറായി വിജയന് പറഞ്ഞു.
വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിക്കുന്ന പതിവില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിന് മുമ്പും ശേഷവും പലതരത്തിലുള്ള കടന്നാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പിണറായി വിജയന് പറഞ്ഞു. അവ തനിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങളല്ലെന്നും പ്രസ്ഥാനത്തിന് നേരെയുള്ളതാണെന്നും തിരിച്ചറിഞ്ഞാണ് പ്രതിരോധിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രം പരിശോധിച്ചാല്‍ ഒരു ഘട്ടത്തിലും ഇത്തരം കടന്നാക്രമണങ്ങള്‍ക്ക് വിജയിക്കാനായിട്ടില്ലെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും വിജയിച്ചിട്ടില്ലെന്നും പിണറായി വിജയന് പറഞ്ഞു. പ്രസ്ഥാനത്തെ തളര്‍ത്താനും തകര്‍ക്കാനുമുള്ള ശ്രമങ്ങളാണ് നടന്നത്. എന്നാല്‍ തെല്ലും തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ തന്നെ സര്‍ക്കാര്‍ ശക്തമായ ആക്രമണം നേരിട്ടതായി പിണറായി വിജയന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്കെതിരെയും ആക്രമണങ്ങളുണ്ടായി. പഴയകാലം ഓര്‍ത്താല്‍ മനുഷ്യത്വരഹിതമായ ആക്രമണങ്ങളാണ് ഉയര്‍ന്നുവന്നതെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിക്കാലത്തും സര്‍ക്കാരിനെതിരെ ഇടപെടലുകളുണ്ടായതായി പിണറായി ആരോപിച്ചു. എല്ലാവരും ഒന്നിച്ചുനിന്ന് മഹാമാരിയെ നേരിടുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ട സമയത്ത് അതിനെ അട്ടിമറിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഡാറ്റാ ചോര്‍ത്തല്‍ ആരോപണം, ബിരിയാണിച്ചെമ്പിലെ സ്വര്‍ണം കടത്തിയെന്ന ആരോപണം തുടങ്ങിയവ എത്രത്തോളം ഹീനമായിരുന്നുവെന്ന് പിന്നീട് വ്യക്തമായെന്നും പിണറായി പറഞ്ഞു.
നിലവിലെ ആരോപണത്തില്‍ വിശദീകരണം നല്കാന് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ആരോപണവും നിയമത്തിന് മുന്നില്‍ നിലനിന്നില്ലെന്നും ജനങ്ങള്‍ അവയെല്ലാം തള്ളിക്കളഞ്ഞെന്നും പിണറായി പറഞ്ഞു. ഇതിന്റെ ഫലമായാണ് 2021ല്‍ ചരിത്രത്തിലാദ്യമായി തുടര്‍ഭരണം ജനങ്ങള്‍ സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ഭരണത്തിന് പിന്നാലെ ആക്രമണങ്ങളുടെ മലവെള്ളപ്പാച്ചിലാണ് ഉണ്ടായതെന്നും എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും തീര്ത്തുകളയുകയെന്ന ലക്ഷ്യത്തോടെ സംഘടിത ആക്രമണം നടന്നെന്നും പിണറായി ആരോപിച്ചു. സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വലതുപക്ഷ ശക്തികളും 2021ല്‍ എല്‍ഡിഎഫിനെതിരെ സംഘടിത ആക്രമണം നടത്തിയെന്നും പിണറായി ആരോപിച്ചു. 2026ല്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഇക്കാര്യത്തില്‍ മാറ്റമുണ്ടായോ എന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സംയുക്ത പരിപാടിയായി മാറുന്നുണ്ടോയെന്ന സംശയവും ഉയരാം.
യുഡിഎഫിന്റെ സഹകരണത്തോടെ ബിജെപി സംസ്ഥാന സര്‍ക്കാരിനെ ആക്രമിച്ചിരുന്നുവെന്നും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പങ്കാളിത്തം ആവശ്യപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
