Home Sportsഇന്ത്യ–അഫ്ഗാനിസ്ഥാൻ പോരാട്ടത്തിന് ദില്ലിയിൽ കനത്ത നിയന്ത്രണം; നാളെ ഉച്ചയ്ക്ക് 2 മുതൽ വഴിമാറ്റം

ഇന്ത്യ–അഫ്ഗാനിസ്ഥാൻ പോരാട്ടത്തിന് ദില്ലിയിൽ കനത്ത നിയന്ത്രണം; നാളെ ഉച്ചയ്ക്ക് 2 മുതൽ വഴിമാറ്റം

by news_desk1
0 comments

ന്യൂഡൽഹി: ഇന്ത്യ–അഫ്ഗാനിസ്ഥാൻ ഒന്നാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായി ദില്ലിയിൽ കനത്ത ഗതാഗത നിയന്ത്രണം. നാളെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നതിനാൽ സ്റ്റേഡിയത്തിന് സമീപപ്രദേശങ്ങളിൽ ഗതാഗത വഴിതിരിച്ചുവിടലും പാർക്കിങ് നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്ന് ദില്ലി ട്രാഫിക് പോലീസ് അറിയിച്ചു.

നിലവിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് മുൻകരുതൽ നടപടികൾ. സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ സ്റ്റേഡിയം പരിസരത്ത് നിയന്ത്രണങ്ങൾ നിലവിൽ വരും. യാത്രക്കാർ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന മേഖലയിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പോലീസ് നിർദേശിച്ചു.

സാധ്യമായ ഇടങ്ങളിൽ ബദൽ മാർഗങ്ങൾ ഉപയോഗിക്കാനും സ്ഥലത്ത് ഡ്യൂട്ടിയിലുള്ള ട്രാഫിക് ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാനും പോലീസ് ആവശ്യപ്പെട്ടു.

മത്സരം കാണാനെത്തുന്നവർ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പ്രവേശന കവാടങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, ആപ്പ് അധിഷ്ഠിത ടാക്‌സികളുടെ പിക്കപ്പ്–ഡ്രോപ്പ് പോയിന്റുകൾ എന്നിവ മാത്രം ഉപയോഗിക്കണമെന്നും ട്രാഫിക് പോലീസ് അഭ്യർഥിച്ചു.

സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും വാഹനങ്ങളുടെയും കാണികളുടെയും തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ക്ഷമ പാലിക്കുകയും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുകയും വേണം. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഡൈവേർഷൻ അടയാളങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും പോലീസ് അറിയിച്ചു.

ഇന്ത്യ–അഫ്ഗാനിസ്ഥാൻ ഒന്നാം ട്വന്റി-20 മത്സരം നാളെ രാത്രി ഏഴുമണിക്കാണ്. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ കളിച്ചേക്കും. ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിങ്, തിലക് വർമ്മ തുടങ്ങിയ താരങ്ങളും ടീമിലുണ്ട്.

You may also like