തിരുവനന്തപുരം: മാധ്യമസ്ഥാപനത്തിലെ ന്യൂസ് ഡെസ്കിൽ പരിശോധനയെന്ന പേരിൽ പൊലീസ് നടത്തിയ നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടില്ലെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രേഖകൾ പരിശോധിക്കാൻ പൊലീസിന് അവിടേക്ക് പോകേണ്ടിവരുമെന്നും കേസ് അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് പ്രത്യേക അന്വേഷണ സംഘമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
‘മാധ്യമസ്ഥാപനവും മെസിയെ കൊണ്ടുവരാമെന്ന് പറയുന്ന കമ്പനിയും ഒരിടത്തല്ലേ പ്രവർത്തിക്കുന്നത്. അവിടെ രേഖകൾ പരിശോധിക്കാൻ പൊലീസിന് പോകേണ്ടിവരും. കേസ് അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് എസ്ഐടിയാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിയമപരമായ നടപടികളാണ് നടക്കുന്നതെന്നും ഇത് പത്രസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ലെന്നും ചെന്നിത്തല പറഞ്ഞു. നിയമവിരുദ്ധമായ നടപടി ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞ കമ്പനിയും മാധ്യമസ്ഥാപനവും ഒരേ സ്ഥലത്താണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ പരിശോധനയ്ക്കായി പൊലീസിന് അവിടേക്ക് പോകേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
എസ്ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണത്തിൽ ആഭ്യന്തരവകുപ്പ് ഇടപെടാറില്ലെന്നും ചെന്നിത്തല കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.
ഇന്നലെ പുലർച്ചെയാണ് ഒരു സംഘം പൊലീസുകാർ കൊച്ചിയിലെ ഒരു മാധ്യമസ്ഥാപനത്തിന്റെ ഹെഡ് ഓഫീസിൽ പരിശോധനയെന്ന പേരിൽ എത്തിയത്. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ പൊലീസ് പിടിച്ചുവെച്ചതായി ആരോപണമുണ്ട്. മാധ്യമപ്രവർത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്കിലാണ് ജോലി തടസ്സപ്പെടുന്ന രീതിയിൽ പൊലീസ് കടന്നുകയറിയതെന്നും ആരോപണം ഉയർന്നു.
സംപ്രേഷണം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഫോണുകൾ ഉൾപ്പെടെ പിടിച്ചുവെച്ചതെന്നാണ് ആരോപണം. പരിശോധനയുടെ കാരണമോ മറ്റ് വിവരങ്ങളോ മാധ്യമപ്രവർത്തകരോട് ഉദ്യോഗസ്ഥർ വിശദീകരിക്കാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്. ജോലിക്കെത്തിയ മാധ്യമപ്രവർത്തകർ വ്യക്തിപരമായി ഉപയോഗിക്കുന്ന ഫോണുകളാണ് പിടിച്ചുവെച്ചതെന്നും ആരോപണമുണ്ട്.
