തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.
സൗരാഷ്ട്രയ്ക്ക് സമീപം വടക്കുകിഴക്കൻ അറബിക്കടലിന് മുകളിലായി ന്യൂനമർദം തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും ന്യൂനമർദത്തിന് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പ്
സെപ്റ്റംബർ 19ന് നാല് ജില്ലകളിലും സെപ്റ്റംബർ 20ന് മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 19ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. സെപ്റ്റംബർ 20ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശത്തും ജാഗ്രത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലും കന്യാകുമാരി തീരത്തും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
തിരുവനന്തപുരം, കൊല്ലം തീരപ്രദേശങ്ങളിൽ 0.8 മുതൽ 1.4 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 1.2 മുതൽ 1.7 മീറ്റർ വരെയും ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
