പെരുമ്പാവൂർ: കാലിത്തീറ്റയെന്ന വ്യാജേന രാത്രിയിൽ ലോറിയിലെത്തിച്ച ഹാൻസ് പൂട്ടിയ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന 26,250 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്.
സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന പുകയില ഉൽപ്പന്ന വേട്ടയുടെ ഭാഗമായാണ് എക്സൈസ് നടപടി. കോട്ടയത്ത് ഒരുകോടി 30 ലക്ഷം രൂപയുടെ വ്യാജ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും പരിശോധന നടത്തിയത്.
പെരുമ്പാവൂർ ലോറി സ്റ്റാൻഡിനോട് ചേർന്നുള്ള പൂട്ടിക്കിടന്ന രണ്ട് വൻകിട ഗോഡൗണുകളിലായിരുന്നു പരിശോധന. കാലിത്തീറ്റ എന്ന പേരിൽ ഹാൻസ് ചാക്കുകളിലാക്കി രാത്രികാലങ്ങളിൽ ലോറിയിലും മറ്റും എത്തിച്ച് ഇവിടെ സൂക്ഷിച്ചുവരികയായിരുന്നുവെന്നാണ് കണ്ടെത്തൽ.
ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടത്തിന്റെ താഴ് പൊട്ടിച്ചാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. ഇതിനിടയിലാണ് വൻ ഹാൻസ് ശേഖരം കണ്ടെത്തിയത്. ഗോഡൗണിൽനിന്ന് 26,250 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു.
