Home Top Stories‘സംഘപരിവാറിന് പരവതാനി വിരിക്കുന്നു’; വി.ഡി. സതീശനും മുസ്ലിം ലീഗിനുമെതിരെ പി. ജയരാജൻ

‘സംഘപരിവാറിന് പരവതാനി വിരിക്കുന്നു’; വി.ഡി. സതീശനും മുസ്ലിം ലീഗിനുമെതിരെ പി. ജയരാജൻ

by news_desk1
0 comments

കണ്ണൂർ: കേരളത്തിൽ സംഘപരിവാറിന് വേരുറപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരും വഴിയൊരുക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഹിന്ദു ഏകീകരണത്തിന് ബദലായി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന മുസ്ലിം ലീഗ് ഒരു ‘മുസ്ലിം ബിജെപി’യായി മാറിക്കൊണ്ടിരിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സംഘപരിവാറാണെന്നും ജയരാജൻ പറഞ്ഞു. സതീശൻ സർക്കാർ അധികാരത്തിലെത്തിയിട്ട് 120 ദിവസത്തിലേറെയായെന്നും ഈ കാലയളവിലെ നടപടികൾ പരിശോധിച്ചാൽ തന്റെ ആരോപണം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസിനും സംഘപരിവാറിനും അനിഷ്ടമോ അതൃപ്തിയോ ഉണ്ടാക്കുന്ന ഒരു നടപടിയും യു.ഡി.എഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് ജയരാജന്റെ ആരോപണം. ബംഗാളിൽ നടന്നതുപോലെ കേരളത്തിലും സംഘപരിവാർ ശക്തികൾക്ക് പ്രവർത്തനം ശക്തമാക്കാനുള്ള സാഹചര്യമൊരുക്കുന്ന ഭരണമായാണ് യു.ഡി.എഫ് സർക്കാരിനെ അവർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോർപ്പറേറ്റ് താൽപര്യങ്ങളുമായി ചേർന്ന് വർഗീയത കൂടുതൽ അപകടകരമായ രൂപം കൈക്കൊള്ളുകയാണെന്നും ജയരാജൻ ആരോപിച്ചു. ഇതിന് മറുപടിയായി ചിലർ മുന്നോട്ടുവയ്ക്കുന്നത് മുസ്ലിം ഏകീകരണമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് ഹിന്ദു ഏകീകരണവും മറുവശത്ത് മുസ്ലിം ഏകീകരണവും ശക്തമാകുമ്പോൾ അതിന്റെ പ്രധാന വക്താക്കളായി മുസ്ലിം ലീഗ് മുന്നിലെത്തുകയാണെന്നും ജയരാജൻ ആരോപിച്ചു.

കേരളത്തിൽ ആർ.എസ്.എസിന്റെ സ്വാധീനം തടഞ്ഞുനിർത്തിയത് ഇടതുപക്ഷ പ്രസ്ഥാനമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പതിറ്റാണ്ടുകളായി കേരളത്തിൽ വേരുറപ്പിക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നുണ്ടെന്നും 1940-കളിലാണ് കേരളത്തിൽ ശാഖാ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും ജയരാജൻ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകൾ കേരളത്തിലാണെന്ന അവകാശവാദവും ആർ.എസ്.എസിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നിട്ടും കേരളം ഗുജറാത്തോ മധ്യപ്രദേശോ പോലെയാകാതിരുന്നതിന്റെ കാരണം കോൺഗ്രസിന്റെയോ മുസ്ലിം ലീഗിന്റെയോ കരുത്തല്ല, മറിച്ച് സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന ചെറുത്തുനിൽപ്പാണെന്നും ജയരാജൻ പറഞ്ഞു.

ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, മഹാത്മാ അയ്യങ്കാളി എന്നിവർ മുന്നോട്ടുവെച്ച നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ആർ.എസ്.എസിനെതിരായ പ്രതിരോധം ഇടതുപക്ഷം ഇനിയും ശക്തമായി തുടരുമെന്നും പി. ജയരാജൻ വ്യക്തമാക്കി.

You may also like