കൊച്ചി: കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയം നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. പുറത്തുവന്നത് ചർച്ചകൾക്കായി തയ്യാറാക്കിയ കരട് രേഖ മാത്രമാണെന്നും വിദ്യാർഥി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയിലാണ് ചില തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ നടക്കുന്നതെന്ന് റോജി എം. ജോൺ പറഞ്ഞു. വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കുന്നതിനായി കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി നിർദേശത്തെ തുടർന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. ഈ ഉപസമിതിയുടെ ചർച്ചകൾക്കായി നിയമസമിതി തയ്യാറാക്കിയ രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. രേഖ വിദ്യാർഥി സംഘടനകൾക്ക് അയച്ച് അഭിപ്രായങ്ങൾ തേടിയ ശേഷം വീണ്ടും ചർച്ച ചെയ്ത് അംഗീകരിച്ചാൽ മാത്രമേ സർവകലാശാലയുടെ മാർഗനിർദേശമായി പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ പ്രതികരിക്കുന്നതിന് മുമ്പ് പിണറായി വിജയൻ സ്വന്തം സംഘടനയിലെ ഉപസമിതി അംഗങ്ങളോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കേണ്ടിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പുറത്തുവന്ന രേഖ ഒറിജിനലല്ലെന്നും അത്തരമൊരു രേഖ തയ്യാറാക്കിയിട്ടില്ലെന്നും കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
കരട് രേഖയ്ക്ക് എതിരെ കായിക മന്ത്രി ഒ.ജെ. ജനീഷും രംഗത്തെത്തി. കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് രേഖയെന്നും വൈസ് ചാൻസലർമാർ മാത്രം തീരുമാനമെടുത്താൽ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങളുമായി പോലും ചർച്ച ചെയ്യാതെയാണ് കരട് രേഖ തയ്യാറാക്കിയതെന്നും സർക്കാർ ഇതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ വിദ്യാർഥി രാഷ്ട്രീയം തെറ്റല്ലെന്നും പ്രധാന നേതാക്കളിൽ പലരും വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയതെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.
പുറത്തുവന്ന കരട് രേഖയിൽ ക്യാമ്പസിലെ രാഷ്ട്രീയ സമരങ്ങൾ, ധർണ, ഉപരോധം, രാഷ്ട്രീയ മുദ്രാവാക്യങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങളുണ്ട്. രാഷ്ട്രീയത്തിന്റെ ഭാഗമായി ക്യാമ്പസിൽ പരിപാടികൾ നടത്തുന്നതിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണത്തിലും നിയന്ത്രണം ഏർപ്പെടുത്താനും നിർദേശിക്കുന്നതായി രേഖയിൽ പറയുന്നു. ദേശവിരുദ്ധ പശ്ചാത്തലമുള്ളവരെ ക്ഷണിച്ചുള്ള പരിപാടികൾ നടത്തരുതെന്ന നിർദേശവും ഉൾപ്പെട്ടിട്ടുണ്ട്.
കരട് രേഖ പുറത്തുവന്നതോടെ ഇടത്, വലത് വിദ്യാർഥി സംഘടനകൾ എതിർപ്പുമായി രംഗത്തെത്തി. രേഖ ജനാധിപത്യവിരുദ്ധമാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
