Home Top Storiesമഴ വീണ്ടും ശക്തമാകുന്നു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും; ജാഗ്രത നിർദേശം

മഴ വീണ്ടും ശക്തമാകുന്നു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും; ജാഗ്രത നിർദേശം

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവഹാനിയുണ്ടായി. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ആറ് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. നാലുപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.

മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളം കുത്തിയെത്തി. ടി.കെ. കോളനിക്ക് സമീപം അഞ്ച് പേർ ഒഴുക്കിൽപ്പെട്ടതായാണ് വിവരം. മൂന്ന് പേരെ രക്ഷപ്പെടുത്തിയപ്പോൾ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മേഖലയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്നായിരുന്നു അപകടം.

ഇടുക്കി മൂന്നാർ വട്ടവട കൊട്ടാക്കമ്പൂരിൽ കനത്ത മഴയ്ക്കിടെ കൃഷിയിടത്തിലെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. ബാലകൃഷ്ണൻ പെരുമാൾ, ചിന്നമ്മാൾ എന്നിവരാണ് മരിച്ചത്.

കോട്ടയം ജില്ലയിലെ മലയോര മേഖലയിലും മഴയും മണ്ണിടിച്ചിലും ദുരിതം വിതച്ചു. വാഗമൺ–ഈരാറ്റുപേട്ട റോഡിൽ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിനിയായ വിനോദസഞ്ചാരി മരിച്ചു. പെരിങ്ങളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മറ്റൊരാളും മരിച്ചു. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇടുക്കിയിൽ ഇടവിട്ട് ശക്തമായ മഴ തുടരുന്നതിനിടെ അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലും വിവിധയിടങ്ങളിൽ മരം വീണ് ഗതാഗതത്തെ ബാധിച്ചു. നേര്യമംഗലം–വാളറ റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ പഴയ മൂന്നാറിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന നടപടികളും തുടരുകയാണ്.

തുടർച്ചയായ മഴയെ തുടർന്ന് വിവിധ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് അധികൃതർ നിർദേശിച്ചു. മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപം നിൽക്കുന്നതും യാത്ര ചെയ്യുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

അതിനിടെ, ആലപ്പുഴ, എറണാകുളം, തൃശൂർ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശം തുടരുകയാണ്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സാഹചര്യം മണിക്കൂറുതോറും വിലയിരുത്താനും ആവശ്യമായിടത്ത് ആളുകളെ മാറ്റിപ്പാർപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

You may also like