Home Keralaമാസപ്പടി കേസിൽ ഇഡി ശുപാർശ; മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ചയിൽ

മാസപ്പടി കേസിൽ ഇഡി ശുപാർശ; മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ചയിൽ

by news_desk1
0 comments

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉടൻ ഉണ്ടായേക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തുകയാണ്.

ഇ.ഡിയുടെ ശുപാർശയിന്മേൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സർക്കാർ പരിശോധിച്ചുവരികയാണ്. തുടർനടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമേ തീരുമാനിക്കൂവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡിയുടെ ശുപാർശ. അന്വേഷണത്തിനിടെ ലഭിച്ച തെളിവുകളും വിവരങ്ങളും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി കത്ത് കൈമാറിയത്.

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായും ഹോം വകുപ്പ് അതു പരിശോധിക്കുകയാണെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമോപദേശം പരിശോധിച്ച ശേഷം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തുടർനടപടിയിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇ.ഡിയുടെ റിപ്പോർട്ടിലെ ആരോപണങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് നിയമപരമായ പരിശോധനയാണ് ആവശ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിലുള്ള ചർച്ചയാണ് സർക്കാർ തീരുമാനം സംബന്ധിച്ച് നിർണായകമാകുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണോ, തുടർ അന്വേഷണം ഏത് രീതിയിൽ വേണമെന്നതിലോ ഉടൻ വ്യക്തതയുണ്ടാകുമെന്നാണ് സൂചന.

You may also like