വടക്കേക്കാട്: അധ്യാപന രംഗത്തെ മികവിനും വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾക്കും ദേശീയ അംഗീകാരം. വടക്കേക്കാട് സ്വദേശി എം.എസ്. ഷെബീറിന് ‘ഗുരുരത്ന ടീച്ചേഴ്സ് അവാർഡ്സ് 2026’ പുരസ്‌കാരം. ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അധ്യാപന മികവിനുള്ള പുരസ്‌കാരം എം.എസ്. ഷെബീർ ഏറ്റുവാങ്ങിയത്.
ചെന്നൈയിലെ എ.എം.ഇ.ടി യൂണിവേഴ്സിറ്റിയും ഡോ. ജെ. രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. എ.എം.ഇ.ടി യൂണിവേഴ്സിറ്റി ക്യാമ്പസിലെ ശ്രീ ജാനകിരാമൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ, അധ്യാപന രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
പ്രിൻസിപ്പൽ ക്യാപ്റ്റൻ ശ്രീനിവാസ് ഗോപാൽ ചടങ്ങിൽ മുഖ്യാതിഥിയായി. ഡോ. ഡി. രാജശേഖർ, ഡയറക്ടർ ബ്രാൻഡിംഗ് ആൻഡ് ഹെഡ് അഡ്മിഷൻ, അധ്യക്ഷനായി.
വർഷങ്ങളായി അധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന എം.എസ്. ഷെബീർ അക്കൗണ്ടൻസി ഉൾപ്പെടെയുള്ള വിഷയങ്ങൾ ലളിതവും പ്രായോഗികവുമായി വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധേയനാണ്. വിദ്യാർഥികേന്ദ്രീകൃതമായ അധ്യാപന രീതികളും പഠനത്തിൽ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതുമാണ് പുരസ്‌കാരത്തിന് അർഹനാക്കിയ പ്രധാന ഘടകങ്ങൾ.
അധ്യാപന രംഗത്തെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ അംഗീകാരം വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ പ്രചോദനമാണെന്ന് എം.എസ്. ഷെബീർ പറഞ്ഞു. പുരസ്‌കാരം വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും കുടുംബത്തിനും സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായി ലഭിച്ച പുരസ്‌കാരം അധ്യാപന യാത്രയിലെ മറ്റൊരു പൊൻതൂവലാണെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു.
