Home Keralaമുട്ടിൽ മരംമുറി കേസും വഞ്ചനാക്കേസും ഇനി ഒരേ കോടതിയിൽ; റോജി അഗസ്റ്റിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

മുട്ടിൽ മരംമുറി കേസും വഞ്ചനാക്കേസും ഇനി ഒരേ കോടതിയിൽ; റോജി അഗസ്റ്റിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

by news_desk1
0 comments

ന്യൂഡൽഹി: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട വഞ്ചനാക്കേസും പ്രധാന മരംമുറി കേസും ഇനി ഒരേ കോടതിയിൽ പരിഗണിക്കും. കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിന്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി, ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസ് ബത്തേരി കോടതിയിലേക്ക് മാറ്റാൻ നിർദേശിച്ചു.

മുട്ടിൽ മരംമുറി കേസിലെ നടപടികൾ പൂർത്തിയാക്കിയ ശേഷമാകും വഞ്ചനാക്കേസ് പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി നിർദേശിച്ചു. ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസിന്റെ വിചാരണ തടയണമെന്നാവശ്യപ്പെട്ടാണ് റോജി അഗസ്റ്റിൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇരു കേസുകളും ഒരേ കോടതിയിൽ പരിഗണിക്കണമെന്ന് പ്രതികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്തും അഭിഭാഷകൻ പി. വിഷ്ണുവും വാദിച്ചു.

അതേസമയം, രണ്ടും വ്യത്യസ്ത കേസുകളാണെന്നും പ്രതികൾക്കെതിരെ ആകെ 37 കേസുകളുണ്ടെന്നും സംസ്ഥാന സർക്കാർ വാദിച്ചു. ഇരു കേസുകളിലും തെളിവുകൾ പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ എം.ആർ. രമേഷ് ബാബുവും സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ. ജോസഫും ഹാജരായി.

You may also like