Home Businessപുകവലിക്കാർക്ക് വീണ്ടും തിരിച്ചടി; ഗോൾഡ് ഫ്‌ളേക്ക് ഉൾപ്പെടെ സിഗരറ്റിന് വില കൂട്ടി ഐടിസി

പുകവലിക്കാർക്ക് വീണ്ടും തിരിച്ചടി; ഗോൾഡ് ഫ്‌ളേക്ക് ഉൾപ്പെടെ സിഗരറ്റിന് വില കൂട്ടി ഐടിസി

by news_desk1
0 comments

ദില്ലി: സിഗരറ്റിന് വീണ്ടും വിലകൂട്ടി ഐടിസി. പുതിയ നികുതി ഘടനയുടെ പശ്ചാത്തലത്തിൽ ഗോൾഡ് ഫ്‌ളേക്ക് പ്രീമിയം ഉൾപ്പെടെയുള്ള ജനപ്രിയ ബ്രാൻഡുകളുടെ വിലയാണ് കമ്പനി വീണ്ടും ഉയർത്തിയത്. ഈ വർഷം തന്നെ രണ്ടാം തവണയാണ് ഗോൾഡ് ഫ്‌ളേക്ക് പ്രീമിയത്തിന്റെ വില വർധിപ്പിക്കുന്നത്.

പുതിയ നിരക്ക് പ്രകാരം 10 സിഗരറ്റുകൾ അടങ്ങിയ ഗോൾഡ് ഫ്‌ളേക്ക് പ്രീമിയം പാക്കറ്റിന് ഇനി 135 രൂപ നൽകണം. നേരത്തെ 125 രൂപയായിരുന്നു വില. ഒറ്റയടിക്ക് 8 ശതമാനം വർധനയാണ് ഉണ്ടായത്. കഴിഞ്ഞ ജൂണിൽ ഇതേ പാക്കറ്റിന്റെ വില 115 രൂപയിൽ നിന്ന് 125 രൂപയായി ഉയർത്തിയിരുന്നു. അന്ന് 8.7 ശതമാനമായിരുന്നു വിലവർധന.

ഈ വർഷത്തെ രണ്ട് വിലവർധനകളും കണക്കിലെടുക്കുമ്പോൾ ഗോൾഡ് ഫ്‌ളേക്ക് പ്രീമിയത്തിന്റെ വിലയിൽ ആകെ 17.4 ശതമാനം വർധനയാണുണ്ടായത്. വർഷത്തിന്റെ തുടക്കത്തിൽ 115 രൂപയായിരുന്ന പാക്കറ്റിനാണ് ഇപ്പോൾ 135 രൂപ നൽകേണ്ടിവരുന്നത്.

നികുതി ഭാരം ഉപഭോക്താക്കളിലേക്ക്

ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ നികുതി ഘടനയാണ് തുടർച്ചയായ വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2026 ഫെബ്രുവരി ഒന്നുമുതൽ സിഗരറ്റുകൾക്ക് 40 ശതമാനം ജിഎസ്ടിക്ക് പുറമെ പുതിയ അധിക എക്‌സൈസ് ഡ്യൂട്ടിയും ഏർപ്പെടുത്തിയിരുന്നു. സിഗരറ്റിന്റെ നീളവും ഫിൽറ്റർ ഉണ്ടോ ഇല്ലയോ എന്നതും അടിസ്ഥാനമാക്കിയാണ് എക്‌സൈസ് ഡ്യൂട്ടി ഈടാക്കുന്നത്.

വർധിച്ച നികുതി ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് കമ്പനികൾ വില ഉയർത്തുന്നത്.

ഗോൾഡ് ഫ്‌ളേക്ക് പ്രീമിയത്തിന് പുറമെ മറ്റ് ഐടിസി ബ്രാൻഡുകൾക്കും ഈ വർഷം വില വർധിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ ആദ്യം 20 സിഗരറ്റുകളുള്ള ക്ലാസിക് കണക്ട് പാക്കറ്റിന്റെ വില 390 രൂപയിൽ നിന്ന് 428 രൂപയായി ഉയർത്തി. 9.74 ശതമാനമാണ് വർധന. 10 സിഗരറ്റുകളുള്ള ഗോൾഡ് ഫ്‌ളേക്ക് സൂപ്പർ സ്റ്റാറിന്റെ വില 79 രൂപയിൽ നിന്ന് 89 രൂപയായും ഉയർത്തി. 12.66 ശതമാനമാണ് വർധന.

ഫെബ്രുവരിയിലും ഈ ബ്രാൻഡുകൾക്ക് ഐടിസി വില കൂട്ടിയിരുന്നു. ക്ലാസിക് കണക്ടിന്റെ വില 300 രൂപയിൽ നിന്ന് 360 രൂപയായും പിന്നീട് 390 രൂപയായും വർധിപ്പിച്ചു. ഗോൾഡ് ഫ്‌ളേക്ക് സൂപ്പർ സ്റ്റാറിന്റെ വില 59 രൂപയിൽ നിന്ന് 70 രൂപയായും അന്ന് ഉയർത്തിയിരുന്നു.

You may also like