Home Businessബാങ്ക് പണിമുടക്കിന് മുമ്പ് ഞായറാഴ്ച ബാങ്കുകൾ തുറക്കും; സെപ്റ്റംബർ 27ലെ അവധിയും മാറ്റി

ബാങ്ക് പണിമുടക്കിന് മുമ്പ് ഞായറാഴ്ച ബാങ്കുകൾ തുറക്കും; സെപ്റ്റംബർ 27ലെ അവധിയും മാറ്റി

by news_desk1
0 comments

ന്യൂഡൽഹി: ബാങ്ക് പണിമുടക്ക് എത്തും മുമ്പ് ഇടപാടുകൾ പൂർത്തിയാക്കാൻ അവസരം. സെപ്റ്റംബർ 28 മുതൽ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ, സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ആയതിനൊപ്പം മൂന്ന് ദിവസത്തെ പണിമുടക്ക് കൂടി ചേരുന്നതോടെ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് നടപടി.

എല്ലാ പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും സെപ്റ്റംബർ 27ന് തുറന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബാങ്ക് ശാഖകൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, എടിഎമ്മുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവ ഞായറാഴ്ച പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്.

പണിമുടക്ക് ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ ബാങ്കിങ് ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് ഞായറാഴ്ച ലഭിക്കുന്ന സേവനം പ്രയോജനപ്പെടുത്താം. ഇടപാടുകാരുടെ സൗകര്യത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ബാങ്ക് യൂണിയനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

ബാങ്കിങ് ജീവനക്കാരിൽ ഏകദേശം 90 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സെപ്റ്റംബർ 28 മുതൽ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുമായി ചൊവ്വാഴ്ച നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അഞ്ച് ദിവസത്തെ ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെയോ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെയോ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടിയുണ്ടായാൽ മാത്രമേ പണിമുടക്കിൽ നിന്ന് പിന്മാറൂവെന്ന് യുഎഫ്ബിയു വ്യക്തമാക്കിയിട്ടുണ്ട്.

പെൻഷൻ പരിഷ്കരണം നടപ്പാക്കുക, പെൻഷൻകാർക്ക് ഏകീകൃത ക്ഷാമബത്ത ഫോർമുല ഏർപ്പെടുത്തുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിക്കുന്നുണ്ട്.

പണിമുടക്ക് ദിവസങ്ങളിൽ അത്യാവശ്യ ഇടപാടുകൾക്കായി മൊബൈൽ ബാങ്കിങ്, എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കാൻ പ്രമുഖ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ബാങ്കുകളുടെ അർധവാർഷിക അക്കൗണ്ട് ക്ലോസിങ് ദിനമായ സെപ്റ്റംബർ 30 കൂടി പണിമുടക്ക് കാലയളവിൽ ഉൾപ്പെടുന്നതിനാൽ സാമ്പത്തിക ഇടപാടുകളെ സമരം സാരമായി ബാധിച്ചേക്കും.

You may also like