ചെന്നൈ: വെള്ളിത്തിരയിൽ ഒരുമിച്ച് തിളങ്ങിയ സഹോദരിമാർ തമ്മിലുള്ള സ്വത്ത് തർക്കം രൂക്ഷമാകുന്നു. ചെക്കുകൾ മോഷ്ടിച്ച് 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടി രാധയുടെ ആരോപണം പൂർണമായും തള്ളി സഹോദരിയും മുതിർന്ന നടിയുമായ അംബിക രംഗത്തെത്തി. പകരം, രാധ തനിക്ക് ഏകദേശം 97 കോടി രൂപ നൽകാനുണ്ടെന്നും, തന്റെ സ്വർണാഭരണങ്ങൾ ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും അംബിക ആരോപിച്ചു.
കമ്പനി ആവശ്യങ്ങൾക്കായി ഒപ്പിട്ട് സൂക്ഷിച്ചിരുന്ന അഞ്ച് ചെക്ക് ലീഫുകൾ മോഷ്ടിച്ച് 46 കോടി രൂപ പിൻവലിക്കാൻ അംബികയും സഹോദരൻ മല്ലികാർജുനയും ശ്രമിച്ചെന്നായിരുന്നു രാധയുടെ പരാതി. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാധ കണ്ണീരോടെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ രാധയുടെ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചാണ് അംബിക ഇന്ന് മാധ്യമങ്ങളെ കണ്ടത്. തങ്ങൾക്കിടയിൽ വർഷങ്ങളായി തുടരുന്ന ബിസിനസ് പങ്കാളിത്തവും സ്വത്തുക്കളെച്ചൊല്ലിയുള്ള തർക്കങ്ങളുമാണ് നിലവിലെ പ്രശ്നങ്ങൾക്ക് പിന്നിലെന്നും അംബിക വ്യക്തമാക്കി.
മാധ്യമങ്ങൾക്ക് മുന്നിൽ രാധ വികാരാധീനയായതിന് പിന്നാലെ അംബികയും വാർത്താസമ്മേളനത്തിൽ വികാരഭരിതയായി. താൻ കൂടി മുൻകൈയെടുത്ത് ആരംഭിച്ച എആർഎസ് ഗാർഡൻ സ്റ്റുഡിയോയിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടി അമ്പരപ്പിച്ചുവെന്നും അംബിക പറഞ്ഞു.
ഇതോടെ വർഷങ്ങളായി തുടരുന്ന കുടുംബപരവും സ്വത്തുസംബന്ധവുമായ തർക്കം ഇരുസഹോദരിമാരുടെയും പരസ്പര ആരോപണങ്ങളിലൂടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
