ന്യൂഡൽഹി: രാജ്യത്ത് നടക്കുന്നത് കേവലം വോട്ട് ചോർച്ച മാത്രമല്ല, ഭരണഘടനയുടെ തകർച്ചയാണെന്ന് ആരോപിച്ചുകൊണ്ട് നരേന്ദ്ര മോദി സർക്കാരിനെതിരെ അതിരൂക്ഷമായ ആക്രമണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ ഗാന്ധി, വോട്ടിംഗ് സമ്പ്രദായം തകർത്തതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചത്.
വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനെ രണ്ട് കമ്മീഷണർമാർ എതിർത്തുവെന്ന ദേശീയ മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ആഞ്ഞടിക്കൽ. ഭരണഘടനാ സ്ഥാപനങ്ങളെ പൂർണമായും തകർത്ത ഈ നീക്കത്തിന് ഭാവിയിൽ ജനങ്ങൾ ശിക്ഷ നൽകുമെന്നും താൻ പറയുന്നത് വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി അടുത്ത 30 മുതൽ 50 വർഷം വരെ ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന അടങ്ങിയ വീഡിയോ പ്രദർശിപ്പിച്ച രാഹുൽ, ജനാധിപത്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇത്തരം ഉറപ്പ് നൽകാനാകില്ലെന്ന് ഓർമിപ്പിച്ചു. ബംഗ്ലാദേശ് യുദ്ധവിജയത്തിന് ശേഷവും ഇന്ദിരാഗാന്ധി സർക്കാർ തോറ്റ ചരിത്രമുണ്ടായിരിക്കെ, യാതൊരു ഭരണവിരുദ്ധ വികാരവുമില്ലാതെ ബി.ജെ.പി തുടർച്ചയായി ജയിക്കുന്നതിന്റെ രഹസ്യമാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ വോട്ട് സംരക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ തകർന്നാൽ മറ്റ് ഭരണഘടനാ സ്ഥാപനങ്ങൾക്കും നിലനിൽപ്പുണ്ടാകില്ലെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. മോദിയുടെയും അമിത് ഷായുടെയും പ്രത്യേക താല്പര്യപ്രകാരമാണ് ഗ്യാനേഷ് കുമാർ നിയമിതനായതെന്നും അദ്ദേഹത്തെ കേന്ദ്രസർക്കാർ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2023 ഡിസംബറിൽ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന നിയമനിർമ്മാണത്തെ താൻ ശക്തമായി എതിർത്തിരുന്നു. മഹാദേവപുരയിലെ വോട്ട് ചോർച്ച മുതൽ ഹരിയാനയിൽ അടുത്തിടെ നടന്ന സംഭവങ്ങളിൽ വരെ സമാനമായ രീതിയിലാണ് കാര്യങ്ങൾ നടന്നത്. വോട്ട് തട്ടിയെടുക്കുന്നവർ നടത്തുന്ന നിയമനിർമ്മാണം പൂർണമായും നിയമവിരുദ്ധമാണെന്നും അടുത്ത അഞ്ചാറ് മാസത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
