കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാർ “നമ്പർ വൺ ക്രിമിനലാണെന്നും” രാജ്യത്തെ “വിൽപ്പനയ്ക്ക് വിട്ടുകൊടുക്കാനുള്ള മുഴുവൻ കരാറും ഏറ്റെടുത്തിരിക്കുകയാണെന്നും” വേണുഗോപാൽ ആരോപിച്ചു. ഗ്യാനേഷ് കുമാർ കേരള കേഡർ ഉദ്യോഗസ്ഥനായിരുന്നുവെന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേണുഗോപാൽ.
ഗ്യാനേഷ് കുമാർ “ഏറ്റവും വലിയ യൂദാസാണെന്നും” വേണുഗോപാൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് സഹ കമ്മീഷണർമാർ ഗ്യാനേഷ് കുമാറിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത് വലിയ സംഭവമാണെന്നും എന്നാൽ വിഷയം വേണ്ടത്ര ശ്രദ്ധ നേടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കമ്മീഷണർമാർ പല തീരുമാനങ്ങളിലും രേഖാമൂലം എതിർപ്പ് ഉന്നയിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ശക്തമായത്.
രാജ്യത്ത് ജനാധിപത്യം ഇല്ലാതായാൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ലെന്നും ജനങ്ങൾ വിഷയത്തിൽ ഇടപെടണമെന്നും വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെയും അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചു. നീതിക്ക് മുന്നിൽ ഇവർക്ക് കീഴടങ്ങേണ്ടിവരുമെന്നും സമാനതകളില്ലാത്ത കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
ആരുമായി ചേർന്നും സമരം നടത്തുമെന്നും വോട്ടർ പട്ടികയിലേക്കുള്ള നേരിട്ടുള്ള ആക്‌സസ് ഗ്യാനേഷ് കുമാറിന്റെ കൈകളിലാണെന്നും വേണുഗോപാൽ ആരോപിച്ചു. അടിസ്ഥാന ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുവെന്നും വിഷയത്തിൽ തെരുവിൽ തന്നെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻഡ്യ മുന്നണിയുമായും മറ്റ് പ്രതിപക്ഷ കക്ഷികളുമായും യോജിച്ച് മുന്നോട്ടുപോകുമെന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം, ഗ്യാനേഷ് കുമാറിന് പത്മ പുരസ്കാരം നൽകണമെന്ന ബിജെപി നേതാവിന്റെ ആവശ്യത്തിനെതിരെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇന്ത്യൻ ജനാധിപത്യത്തെ കുഴിച്ചുമൂടണമെന്ന നിലപാടിന് സമാനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രസർക്കാരിന് ഒടുവിൽ മുട്ടുമടക്കേണ്ടിവരുമെന്നും യോജിച്ച പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻഡ്യ മുന്നണി യോഗം ഉടൻ ചേരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായവ്യത്യാസം വീഴ്ചയല്ലെന്നും അത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മൂന്ന് പേർ ചർച്ച ചെയ്യുമ്പോൾ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാമെന്നും അതിന്റെ പേരിൽ കമ്മീഷനിൽ പ്രശ്നമുണ്ടെന്ന് പറയുന്നതിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
