Home Top Stories‘ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചാൽ കേന്ദ്രമന്ത്രിയാകാം’; ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസണിന്റെ വെളിപ്പെടുത്തൽ

‘ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചാൽ കേന്ദ്രമന്ത്രിയാകാം’; ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസണിന്റെ വെളിപ്പെടുത്തൽ

by news_desk1
0 comments

കൊച്ചി: വിരമിച്ച ശേഷം ബിജെപി ടിക്കറ്റിൽ മത്സരിച്ച് എംപിയും കേന്ദ്രമന്ത്രിയുമാകണമെന്ന് ഗ്യാനേഷ് കുമാർ ഉപദേശിച്ചിരുന്നുവെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തൽ. 2016ൽ സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് വിമാനയാത്രയ്ക്കിടെയാണ് ഗ്യാനേഷ് കുമാർ ഇത്തരമൊരു നിർദേശം നൽകിയതെന്ന് ജിജി തോംസൺ പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കണമെന്നും ജയിച്ചാൽ എംപിയും കേന്ദ്രമന്ത്രിയുമാകാമെന്നുമായിരുന്നു ഉപദേശമെന്ന് ജിജി തോംസൺ വ്യക്തമാക്കി. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തന്റെ പദ്ധതിയിലില്ലെന്ന് മറുപടി നൽകിയതായും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ നല്ല സൗഹൃദത്തിലായിരുന്നു. വിരമിച്ച ശേഷമുള്ള പദ്ധതികളെക്കുറിച്ച് അദ്ദേഹം ചോദിച്ചു. പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ലെന്നും കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താനുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യണമെന്നുമാണ് പറഞ്ഞത്. എന്നാൽ 2019ൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എംപിയും മന്ത്രിയുമാകുന്നതാണ് നല്ലതെന്ന് അദ്ദേഹം ഉപദേശിച്ചു. തെരഞ്ഞെടുപ്പ് തന്റെ പദ്ധതിയിലില്ലെന്ന് മറുപടി നൽകി,” എന്നാണ് ജിജി തോംസൺ പറഞ്ഞത്.

2016ൽ വിരമിക്കുന്നതിന് മുമ്പായിരുന്നു ഈ സംഭാഷണമെന്നും അന്ന് ഗ്യാനേഷ് കുമാർ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നുവെന്നും ജിജി തോംസൺ പറഞ്ഞു. താനേക്കാൾ ജൂനിയറായിരുന്ന ഗ്യാനേഷ് കുമാർ ഇത്തരം കാര്യങ്ങൾ നിർദേശിച്ചത് ഉചിതമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. സർവീസിലിരിക്കെ രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാൻ പാടില്ലെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും മന്ത്രിയാകാനും ആഗ്രഹിക്കുന്നവർ പലരുമുണ്ടാകാമെന്നും ജിജി തോംസൺ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാർ 2025 ഫെബ്രുവരി 19ന് ചുമതലയേറ്റിരുന്നു. അദ്ദേഹം 1988 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായവ്യത്യാസവുമായി ബന്ധപ്പെട്ട വിവാദം ശക്തമായ സാഹചര്യത്തിലാണ് ജിജി തോംസണിന്റെ വെളിപ്പെടുത്തൽ. കമ്മീഷനിലെ മറ്റ് അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരോട് ആലോചിക്കാതെ ഗ്യാനേഷ് കുമാർ ചില നിർണായക തീരുമാനങ്ങൾ എടുത്തെന്ന ആരോപണങ്ങളാണ് ഉയരുന്നത്. ഇരുവരും പല വിഷയങ്ങളിലും തങ്ങളെ ഇരുട്ടിൽ നിർത്തിയതായി ആരോപണമുന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, കമ്മീഷനിലെ അഭിപ്രായവ്യത്യാസങ്ങൾ ആന്തരിക ചർച്ചകളുടെ ഭാഗമാണെന്നും അന്തിമ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

You may also like