Home Keralaപൂജ–ദീപാവലി യാത്രകൾക്ക് കെഎസ്ആർടിസി; ഒക്ടോബർ 14 മുതൽ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

പൂജ–ദീപാവലി യാത്രകൾക്ക് കെഎസ്ആർടിസി; ഒക്ടോബർ 14 മുതൽ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

by news_desk1
0 comments

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും അധിക ബസുകൾ സർവീസ് നടത്തും. ഓൺലൈൻ റിസർവേഷൻ സൗകര്യം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശ്ശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ. മൈസൂരുവിൽ നിന്ന് കണ്ണൂർ, മധുര എന്നിവിടങ്ങളിലേക്കും ചെന്നൈയിൽ നിന്ന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കും സർവീസുകളുണ്ടാകും. എറണാകുളം–ചെന്നൈ സർവീസ് മൾട്ടി ആക്സിൽ എസി ബസിലാണ്.

കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് കോഴിക്കോട്, നിലമ്പൂർ, പൊന്നാനി, മലപ്പുറം, തൃശൂർ, എറണാകുളം, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് സർവീസുകളുണ്ടാകും. പാലാ, കണ്ണൂർ ഡിപ്പോകളിൽ നിന്ന് മൈസൂരുവിലേക്കും തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്കും ബസുകളുണ്ടാകും. ചില റൂട്ടുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ്.

തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ സർവീസ് നടത്താനും കെഎസ്ആർടിസി പദ്ധതിയിടുന്നു. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റ്, ‘എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ്’ ആപ്പ്, 9447071021 എന്ന വാട്സ്ആപ്പ് നമ്പർ എന്നിവ വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളിലും നേരിട്ട് ടിക്കറ്റ് ലഭിക്കും.

You may also like